Auto
Trending

പുതിയ വെര്‍നയുടെ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടായി

മാര്‍ച്ച് 21ന് രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങുന്ന പുതിയ വെര്‍നയുടെ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടായി. പുത്തന്‍ മോഡലുകളായ ട്യൂസോണ്‍, എലാൻട്ര എന്നിവയോടാണ് കൂടുതല്‍ സ്‌പോര്‍ട്ടിയായി എത്തുന്ന വെര്‍നയ്ക്ക് സാമ്യം കൂടുതല്‍. മുഖം മിനുക്കിയെത്തുന്ന വെര്‍ന 25,000 രൂപ മുടക്കി ബുക്ക് ചെയ്യാം. രാജ്യാന്തരവിപണിയില്‍ പുറത്തിറങ്ങുന്ന പുത്തന്‍ വെര്‍ന ഇന്ത്യയിലാണ് നിര്‍മിക്കുന്നത്.വര്‍ഷത്തില്‍ 70,000 യൂണിറ്റുകള്‍ വരെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനാണ് ദക്ഷിണകൊറിയന്‍ കമ്പനിയുടെ തീരുമാനം.പുറം കാഴ്ചയില്‍ത്തന്നെ അതീവ സ്റ്റൈലിഷായ വെര്‍നയെയാണ് ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ് ലാംപുകളും ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട എല്‍ഇഡി ലാംപുകളും ആദ്യ കാഴ്ചയില്‍ത്തന്നെ ആകര്‍ഷിക്കും. കാറിന്റെ വീതി പൂര്‍ണമായും ഉപയോഗിച്ചുള്ള ഗ്രില്ലുകള്‍ക്ക് ട്യൂസോണിനോടാണ് കൂടുതല്‍ സാമ്യം. ആരോ ഹെഡ് ഡിസൈനാണ് ബംപറുകളുടെ വശങ്ങളില്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഫ്‌ളാറ്റായ ബോണറ്റ് പുതിയ വെര്‍നയെ ഒരു മസില്‍കാറാക്കുന്നുണ്ട്. ഡയമണ്ട് കട്ട് അലോയ് വീലും വീല്‍ ആര്‍ക്കുകളോട് ചേര്‍ന്നു നില്‍ക്കുന്ന ഡോറുകളുമാണ് വെര്‍നക്കുള്ളത്.

വെര്‍നയുടെ പിന്‍ഭാഗത്തിന്റെ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നേരത്തെ പുറത്തുവന്ന ടീസറുകളില്‍ മുഴുനീള എല്‍ഇഡി ലൈറ്റ് ബാറുകളും രത്‌നങ്ങള്‍ നിറച്ചുവച്ചതുപോലുള്ള ടെയില്‍ ലാംപുകളും കാണാം. നിലവിലെ 1.5 ലീറ്റര്‍ 115 ബിഎച്ച്പി എൻജിന് പുറമേ 160 ബിഎച്ച്പി പെട്രോള്‍ എൻജിൻ ഓപ്ഷനും ഇനി മുതല്‍ വെര്‍ന ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 1.5 ലീറ്റര്‍ 160 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. 115 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. പുതിയ വെര്‍നയിൽ ഡീസല്‍ എൻജിൻ ഉണ്ടാവില്ല.

Related Articles

Back to top button