Tech
Trending

15 ലക്ഷം കടന്ന് സ്റ്റാര്‍ലിങ്ക് വരിക്കാരുടെ എണ്ണം

സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ വരിക്കാരുടെ എണ്ണം ആഗോളതലത്തില്‍ 15 ലക്ഷം കടന്നതായി കമ്പനി. നേട്ടം അറിയിച്ചുകൊണ്ട് ഒരു വീഡിയോയും കമ്പനി ട്വിറ്ററില്‍ പുറത്തുവിട്ടു. ഇക്കഴിഞ്ഞ ഡിസംബറിലാണ് വരിക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നതായി കമ്പനി വെളിപ്പെടുത്തിയത്. മൂന്ന് മാസം കൊണ്ടാണ് അഞ്ച് ലക്ഷത്തിലേറെ പേരെ സ്റ്റാര്‍ലിങ്കിന് ലഭിച്ചത്. പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഭൂപ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങളുടെ സഹായത്തോടെ തടസമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ദൃശ്യങ്ങളാണ് കമ്പനി പുറത്തുവിട്ട വീഡിയോയിലുള്ളത്. ടി മൊബൈലുമായി ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റാര്‍ലിങ്ക് സൗകര്യം ഒരുക്കുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പരീക്ഷണം ഈ വര്‍ഷം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ പതിനായിരക്കണക്കിന് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ഭൂമിയിലെവിടെയും സേവനം ഉറപ്പാക്കാനാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്. നിലവില്‍ 3000 ല്‍ ഏറെ ഉപഗ്രഹങ്ങള്‍ കമ്പനി വിക്ഷേപിച്ചുകഴിഞ്ഞു.

Related Articles

Back to top button