
സ്പേസ് എക്സിന്റെ ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനമായ സ്റ്റാർലിങ്കിലൂടെ ഈ വർഷം ഇരട്ടിവേഗത്തിൽ ഇൻറർനെറ്റ് എത്തിക്കുമെന്ന് കമ്പനി മേധാവി ഇലോൺ മാസ്ക്. സ്റ്റാർലിങ്ക് ഇൻറർനെറ്റ് വേഗം സെക്കൻഡിൽ 130 എംബിപിഎസ് വരെ ലഭിച്ചെന്ന ഒരു ഉപഭോക്താവിന്റെ ട്വീറ്റിന് മറുപടിയെന്നോണം ഈ വർഷം അവസാനത്തോടെ 300 എംബിബിഎസ് ലേക്ക് ഇൻറർനെറ്റ് വേഗം വർദ്ധിക്കുമെന്ന് മാസ്ക് പ്രഖ്യാപിച്ചത്.

നിലവിൽ 50 മുതൽ 150 എംബിപിഎസ് വരെയാണ് സ്റ്റാർലിങ്കിലൂടെ വാഗ്ദാനം ചെയ്യുന്ന ഇൻറർനെറ്റ് വേഗം. എന്നാൽ ഈ വർഷം അവസാനത്തോടെ ഇതിൻറെ ഇരട്ടി ലഭിക്കുമെന്നാണ് മാസ്ക്ക് വാഗ്ദാനം ചെയ്യുന്നത്.സ്റ്റാർലിങ്ക് ഇൻറർനെറ്റിന്റെ ലേറ്റൻസി 20 മില്ലി സെക്കന്റിലേക്ക് കുറയ്ക്കാനാകുമെന്നും മാസ്ക് പറഞ്ഞു. ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇൻറർനെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാർലിങ്ക്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല എത്തിച്ചേരാത്ത ഒറ്റപ്പെട്ട ഇടങ്ങളിലൂടെ അതിവേഗത്തിൽ ഇൻറർനെറ്റ് സേവനമെത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.