
വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിനായി 10000 കോടി രൂപയുടെ നിക്ഷേപം നടത്തിയിരിക്കുകയാണ് റിലയൻസ് ജിയോ ഇൻഫോകോം. കേന്ദ്ര ടെലികോം വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. ജിയോയുടെ പ്രധാന എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ യഥാക്രമം 3000 കോടി രൂപയും 475 കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്. നിലവിലെ കണക്കുകൾ പ്രകാരം 45,000-66,000 കോടിരൂപയുടെ 4ജി സ്പെക്ട്രം സ്വന്തമാക്കാൻ ജിയോയ്ക്ക് സാധിക്കും.

കൂടുതൽ സ്പെക്ട്രം ലേലം വിളിച്ചെടുത്ത് രാജ്യത്തെ ടെലികോം വിപണിയിൽ വൻ മുന്നേറ്റം നടത്താനാണ് ജിയോ ലക്ഷ്യമിടുന്നത്. മാർച്ച് ഒന്നു മുതൽ ആരംഭിക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ മൂന്ന് കമ്പനികളും സമർപ്പിച്ച അപേക്ഷയുടെ ഭാഗമായാണ് ഈ നിക്ഷേപങ്ങൾ. നിലവിലെ നിക്ഷേപം പ്രകാരം എയർടെലിന് 15,000-25,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ സാധിക്കും. സാമ്പത്തികമായി ഏറ്റവും ദുർബലമായ വോഡഫോൺ ഐഡിയയ്ക്ക് 2,500-3,500 കോടിരൂപയുടെ സ്പെക്ട്രം വാങ്ങാനും സാധിക്കും. ഈ സ്പെക്ട്രം ലേലത്തിലൂടെ സർക്കാറിന് 50,000 കോടി രൂപയോളം വരുമാനം നേടാനാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.