
2021 മാർച്ചിൽ നടക്കാനിരിക്കുന്ന സ്പെക്ട്രം ലേലത്തിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയതായി കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി (ഐടി) മന്ത്രി ശിവശങ്കർ പ്രസാദ് അറിയിച്ചു. ഇതിൻറെ ഭാഗമായി സ്പെക്ട്രം വില്പനക്കുള്ള അപേക്ഷ ക്ഷണിക്കുന്ന നോട്ടീസ് ഈ മാസം പുറത്തിറക്കും.

392332.70 കോടി രൂപ വിലമതിക്കുന്ന 2,251 മെഗാഹെഡ്സ് സ്പെക്ട്രം വിൽക്കാനാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. 700 മെഗാഹെഡ്സ്, 800 മെഗാഹെഡ്സ്,900 മെഗാഹെഡ്സ്, 1800 മെഗാഹെഡ്സ്, 2100 മെഗാഹെഡ്സ്, 2300 മെഗാഹെഡ്സ്, 2500 മെഗാഹെഡ്സ് ബാൻഡുകളിൽ സ്പെക്ട്രം ലേലം ചെയ്യും. ഇവയിൽ ചിലത് 4ജി സേവനങ്ങൾക്ക് ഉപയോഗിക്കാനാകും. എന്നാൽ 5ജിയ്ക്ക് ടെലക്കോം റെഗുലേറ്റർ ശുപാർശ ചെയ്യുന്ന 3300-3600 മെഗാഹെഡ്സ് ബാൻഡുകളിലെ സ്പെക്ട്രം ഈ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓരോ ലേലക്കാരനും സ്പെക്ട്രം കൈവശം വയ്ക്കാനുള്ള പരമാവധി പരിധി വ്യക്തമാക്കുന്ന ബ്ലോക്ക് വലിപ്പം, സ്പെക്ട്രം ക്യാപ്, ലേല വ്യവസ്ഥകൾ എന്നിവ കൃത്യമായി പാലിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.700 മെഗാഹെഡ്സ്, 800 മെഗാഹെഡ്സ്,900 മെഗാഹെഡ്സ് ബാൻഡുകളിൽ സ്പെക്ട്രത്തിനായി മൊത്തം ലേലത്തുകയുടെ 25 ശതമാനവും 1800 മെഗാഹെഡ്സ്, 2100 മെഗാഹെഡ്സ്, 2300 മെഗാഹെഡ്സ്, 2500 മെഗാഹെഡ്സ് ബാൻഡുകളിൽ സ്പെക്ട്രത്തിനായി മൊത്തം ലേലത്തുകയുടെ 50 ശതമാനം വിഹിതവും നൽകിയാൽ മതി. ബാക്കി തുക രണ്ടുവർഷത്തെ മൊറട്ടോറിയം അതിനുശേഷം പരമാവധി പതിനാറു വാർഷിക ഗഡുക്കളായി നൽകാം.