
രാജ്യാന്തര തലത്തിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. ഇതോടൊപ്പം തന്നെ വലിയ വാഹനങ്ങളിലും കപ്പലുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനും ഇലോൺ മസ്‌ക്കിന് പദ്ധതിയുണ്ട്.

ട്രക്കുകൾ, കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ ഇന്റർനെറ്റ് നൽകുന്നതിന് സ്‌പേസ് എക്‌സ് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷനിൽ (എഫ്‌സിസി) അപേക്ഷ നൽകിയിട്ടുണ്ട്.ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും വാഹനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുക. എന്നാൽ, ടെർമിനൽ വളരെ വലുതായതിനാൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടെസ്‌ല കാറുകളുമായി ബന്ധിപ്പിക്കില്ലെന്ന് ഇലോൺ മസ്‌ക് വെളിപ്പെടുത്തി. ഈ നെറ്റ്‌വർക്ക് സംവിധാനം വിമാനം, കപ്പലുകൾ, വലിയ ട്രക്കുകൾ, ആർവി (വിനോദയാത്ര വാഹനം) എന്നിവയ്‌ക്ക് മാത്രമായിരിക്കും നൽകുക.കമ്പനി ഇതിനകം തന്നെ 1000 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിച്ചിട്ടുണ്ട്. 12000 ത്തോളം സാറ്റലൈറ്റുകൾ വിക്ഷേപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.