
അടുത്തിടെ അവതരിപ്പിച്ച സൈബർ പങ്ക് 2077 ഗെയിം പ്ലേ സ്റ്റേഷനിൽ നിന്ന് പിൻവലിച്ചു. ഗെയിമിന് ഒട്ടേറെ തകരാറുകറുകളുണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് ഗെയിം പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിക്കാൻ സോണി തീരുമാനിച്ചത്. പ്ലേ സ്റ്റേഷനിൽനിന്ന് ഗെയിം വാങ്ങിയവർക്കെല്ലാം പണം തിരികെ നൽകുമെന്നും സോണി ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കൾ സ്റ്റേഷൻ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.

ഗെയിമർമാർക്കിടയിൽ വമ്പൻ ആവേശം സൃഷ്ടിച്ചു കൊണ്ടായിരുന്നു പ്ലേസ്റ്റേഷൻ,എക്സ് ബോക്സ്, പിസി തുടങ്ങി ഒട്ടുമിക്ക പ്ലാറ്റ്ഫോമുകളിലും ഗെയിം അവതരിപ്പിച്ചത്. എന്നാൽ ഗെയിം അവതരിപ്പിച്ച കഷ്ടിച്ച് ഒരാഴ്ചതികയും മുൻപേ തകരാറുകൾ മൂലം പ്ലേ സ്റ്റേഷനിൽ നിന്ന് ഗെയിം പിൻവലിക്കേണ്ടി വന്നു. വൈകാതെ എക്സ് ബോക്സിൽ നിന്നും ഗെയിം പിൻവലിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്ലേ സ്റ്റേഷനിൽ ഗെയിം തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് കാര്യങ്ങൾ സോണി വ്യക്തമാക്കിയിട്ടില്ല. ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഗെയിം പിൻവലിച്ചെങ്കിലും ഗെയിമിന്റെ ഡിജിറ്റൽ, ഫിസിക്കൽ പതിപ്പുകൾ വാങ്ങിയവർക്ക് പ്ലേസ്റ്റേഷൻ സാങ്കേതിക പിന്തുണ നൽകും.