
സോണിയുടെ പ്ലേസ്റ്റേഷൻ 5 ഗെയിമിംഗ് കൺസോളിന്റെ വിലയും പുറത്തിറക്കുന്ന തീയതിയും കമ്പനി പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, ജപ്പാൻ, മെക്സിക്കോ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നവംബർ 12 ന് പുറത്തിറങ്ങുന്ന ഈ പ്ലേ സ്റ്റേഷന് 499 ഡോളറായിരിക്കും വില. അതേസമയം പ്ലേസ്റ്റേഷൻറെ ഡിജിറ്റൽ എഡിഷന് 399 ഡോളറായിരിക്കും വില. എന്നാൽ ഇന്ത്യൻ വിപണിയിൽ പ്ലേസ്റ്റേഷൻ എപ്പോഴാണ് പുറത്തിറക്കുക എന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പ്ലേസ്റ്റേഷൻ 5 ൽ ഒരു 4k ബ്ലൂറേ ഡ്രൈവ് ഉൾപ്പെടുന്നുണ്ട്. ഡിജിറ്റൽ എഡിഷനിൽ സ്ട്രീം ചെയ്യാനും പ്ലേസ്റ്റേഷൻ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കളിക്കാനും മാത്രമേ സാധിക്കൂ.പ്ലേസ്റ്റേഷൻ 5 ൽ എ എം ഡി സെൻ2 സിപിയു, എഎംഡി ആർഡിഎൻഎ8 അടിസ്ഥാനമാക്കിയുള്ള ജി പി യു എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൻറെ സിസ്റ്റം മെമ്മറി 16 ജിബിയാണ്. 120 ഹെഡ്സ് റിപ്രഷ് റേറ്റിൽ 4കെ ഗ്രാഫിക്സ്, 8കെ ഗ്രാഫിക്സ് , ത്രീഡി ഓഡിയോ വീഡിയോ എന്നിവ പ്ലേസ്റ്റേഷൻ 5നെ പിന്തുണക്കുന്നു.
മാർവലിൻറെ സ്പൈഡർമാൻ, മൽസ് മൊറേൽസ്, ഡെവിൾ മെയ് ക്രൈ 5, ഫോർട്ട്നൈറ്റ്, റസിഡൻറ് ഈവിൾ വില്ലേജ് തുടങ്ങിയ നിരവധി ഉയർന്ന ഗെയിമുകൾ പ്ലേ സ്റ്റേഷനിൽ ലഭ്യമാകും. വാർണർ ബ്രോസിൽ നിന്നുള്ള ഓപ്പൺ വേൾഡ് ഹാരിപോട്ടർ യൂണിവേഴ്സ് ഗെയിമായ ഹൊഗ്വാഡ്സ് ലെഗസിയും അടുത്തവർഷം പ്ലേസ്റ്റേഷൻ അഞ്ചിലേക്കെത്തും.
ഇതിനോടൊപ്പം പ്ലേസ്റ്റേഷൻ പ്ലസ് കളക്ഷനും സോണി അവതരിപ്പിച്ചിട്ടുണ്ട്. അധികം ചെലവില്ലാതെ ഒരു കൂട്ടം പി എസ്4 ഗെയിമുകൾ കളിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു സബ്സ്ക്രിപ്ഷൻ സേവനമാണിത്.