
വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്ക് ട്രായ് നിർദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓൺലൈൻ ഇടപാടുകളെ ബാധിച്ചു. ഉപഭോക്താക്കളുടെ വിവരസുരക്ഷ മുൻനിർത്തി 2018-ലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇത് നടപ്പാക്കുകയും ചെയ്തു.വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദേശം.

രജിസ്ട്രേഷൻ ഒത്തുനോക്കി കൃത്യമാണെങ്കിൽ മാത്രമേ സന്ദേശം ഉപഭോക്താക്കൾക്ക് അയക്കൂ. അല്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യപ്പെടും.
ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐ.ഡി.യും കണ്ടന്റും രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓൺലൈൻ ഇടപാടിനായുള്ള ഒ.ടി.പി. പലർക്കും ലഭിക്കാതായി.ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, ഇ-കൊമേഴ്സ് സേവനങ്ങൾ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ, യു.പി.ഐ. ഇടപാടുകൾ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം നടപ്പാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മരവിപ്പിച്ചു.ദിവസം ശരാശരി 100 കോടിയോളം വാണിജ്യ എസ്.എം.എസുകളാണ് രാജ്യത്ത് അയക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനവും തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഇത് 25 ശതമാനം വരെയായിരുന്നു.