Auto
Trending

അടിമുടി മാറി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

ബുള്ളറ്റ് പ്രേമികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് റോയൽ എന്റഫീൽഡിന്റെ പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസൈൻ, ഫീച്ചർ, എൻജിൻ, പ്ലാറ്റ്ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡൽ അവതരിച്ചിരിക്കുന്നത്.റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ, ഡാർക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളിൽ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. റോയൽ എൻഫീൽഡ് ഈ വർഷം പുറത്തിറക്കിയ മീറ്റിയോർ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. പുതിയ ക്രാഡിൽ ഷാസിയിൽ ഒരുങ്ങിയിട്ടുള്ളതിനാൽ തന്നെ വാഹനത്തിന്റെ വിറയൽ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയൽ എൻഫീൽഡ് അഭിപ്രായപ്പെടുന്നത്. മീറ്റിയോർ 350-യുമായി എൻജിനും ഗിയർബോക്സും പങ്കിട്ടാണ് പുതിയ ക്ലാസിക്ക് വിപണിയിൽ എത്തിച്ചതെന്നും കമ്പനി അറിയിച്ചു.റെട്രോ ക്ലാസിക് രൂപം നിലനിർത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള ഡിസൈനുകളും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. ക്രോമിയം ബെസൽ നൽകിയുള്ള റൗണ്ട് ഹെഡ്ലാമ്പ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റർ, ക്രോം ആവരണം നൽകിയിട്ടുള്ള എക്സ്ഹോസ്റ്റ്, റൗണ്ട് റിയർവ്യൂ മിറർ, ടിയർഡ്രോപ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള പെട്രോൾ ടാങ്ക്, മുന്നിലും പിന്നിലുമുള്ള ഫെൻഡറുകൾ തുടങ്ങിയവയാണ് ഡിസൈനിങ്ങിൽ സ്റ്റൈലിഷാക്കുന്നത്.യു.എസ്.ബി. ചാർജിങ്ങ് ഓപ്ഷൻ, പുതിയ ബാക്ക് സീറ്റ്, പൊസിഷൻ മാറ്റിയ ഗ്രാബ് റെയിൽ, മികച്ച റൈഡിങ്ങ് പൊസിഷൻ ഉറപ്പാക്കുന്നതിനായി നൽകിയ പുതിയ ഹാൻഡിൽ, പുതിയ ഗ്രാഫിക്സുകൾ, ഡിജിറ്റൽ ഫ്യുവൽ ഗേജ് നൽകിയിട്ടുള്ള പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, ഗൂഗിളുമായി സഹകരിച്ച് റോയൽ എൻഫീൽഡ് വികസിപ്പിച്ച ട്രിപ്പർ നാവിഗേഷൻ തുടങ്ങിയവ ഈ ബൈക്കിലെ പുതുമകളാണ്.ടെയ്ൽലാമ്പും ഇന്റിക്കേറ്ററുകളും പുതിയ ഡിസൈനിലുള്ളതാണ്. കൗണ്ടർ ബാലൻസർ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ടഡ് എയർ കൂൾഡ് എൻജിനാണ് ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button