
ഉപഭോക്താക്കളെ ആകർഷിക്കാൻ വാട്ട്സ്ആപ്പിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് സിഗ്നൽ മെസേജിങ് അപ്ലിക്കേഷൻ. ആനിമേറ്റഡ് സ്റ്റിക്കറുകൾ, ചാറ്റ് വാൾപേപ്പർ തുടങ്ങിയ പുത്തൻ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. സിഗ്നൽ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

അനിമേറ്റഡ് സ്റ്റിക്കറുകളാണ് പുതിയ അപ്ഡേറ്റിലെ പ്രധാന ആകർഷണം. ഇതോടൊപ്പം പുതിയ അനിമേറ്റഡ് സ്റ്റിക്കർ പാക്കും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് വാട്സാപ്പിലേതിനു സമാനമാണ്. ഒപ്പം ഓരോ ചാറ്റിനും പ്രത്യേക ചാറ്റ് വാൾപേപ്പർ നൽകാൻ പുതിയ അപ്ഡേറ്റിലൂടെ സാധിക്കും. സിഗ്നലിന്റെ തനത് നിറത്തിലുള്ള വാൾപേപ്പറിനു പുറമേ വിവിധ നിറങ്ങളിലുള്ള വാൾപേപ്പറുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. പശ്ചാത്തലത്തിന്റെ നിറത്തിനനുസരിച്ച് മെസ്സേജ് ബബിളിന്റെ നിറത്തിലും മാറ്റങ്ങൾ വരുത്താം.ഈ അടുത്തകാലത്തായി വാട്സ്ആപ്പ് സ്റ്റാറ്റസിലേതിനു സമാനമായ സൗകര്യവും സിഗ്നൽ അവതരിപ്പിച്ചിരുന്നു. കൂടാതെ ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം അഞ്ചിൽ നിന്ന് എട്ടായി ഉയർത്തുകയും ഗ്രൂപ്പ് കോളുകളുടെ ലിങ്കുകൾ വഴി ആളുകളെ ചേർക്കാനുള്ള സൗകര്യവും കമ്പനി അവതരിപ്പിച്ചിരുന്നു.