
വാട്സ്ആപ്പിൻറെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷന്റെ ഡൗൺലോഡുകളുടേയും അതിൽ അക്കൗണ്ട് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂവെന്ന ലോക കോടീശ്വരൻ ഇലോൺ മാസ്കിന്റെ ആഹ്വാനത്തെ പിന്നാലെയാണ് ഈ വർധനവുണ്ടായത്. 2014ലാണ് ഈ സിഗ്നൽ എന്ന ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിക്കുന്നത്.

കാലിഫോർണിയയിൽ എമൗണ്ടൻ വ്യു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി, എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസ്സേജിംഗ് സേവനമാണ് സിഗ്നൽ. വാട്സ്ആപ്പ്, ടെലഗ്രാം എന്നിവയ്ക്ക് സമാനമായി രണ്ടു വ്യക്തികൾ തമ്മിലും അതും വ്യക്തിയും ഗ്രൂപ്പുകളും തമ്മിലും ആശയ വിനിമയം നടത്താൻ ഈ ആപ്പിലൂടെ സാധിക്കും. ഒപ്പം വോയിസ് കോൾ, വീഡിയോ കോൾ സൗകര്യങ്ങളും ഈ ആപ്പിലുണ്ട്. ആൻഡ്രോയ്ഡ്, ഐഒഎസ്, ഡെസ്ക്ടോപ് പതിപ്പുകളിലും ഇത് ലഭ്യമാകും. ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന ഈ സേവനത്തിൽ എന്റ് ടു എന്റ് എൻക്രിപ്ഷൻ സംരക്ഷണമുണ്ട്. ഒപ്പം സുരക്ഷിതമായി എസ് എം എസ് അയക്കാനും ഇതിൽ സാധിക്കും. വാട്സാപ്പിലേതുപോലെ ടെക്സ്റ്റ് മെസ്സേജുകൾ, വീഡിയോകൾ, ചിത്രങ്ങൾ, ഫയലുകൾ, ജിഫുകൾ തുടങ്ങിയവ കൈമാറാനും ഇതിൽ സൗകര്യമുണ്ട്. മൊബൈൽ നമ്പറുകൾ മാത്രമല്ല ലാൻഡ് ലൈൻ നമ്പറുകൾ, വോയ്സ് ഓവർ ഐപി നമ്പറുകൾ എന്നിവ ഉപയോഗിച്ച് അക്കൗണ്ടുകൾ തുറക്കാം എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എന്നാൽ ഒരു നമ്പർ ഉപയോഗിച്ച് ഒരു ഫോണിൽ മാത്രമേ ലോഗിൻ ചെയ്യാൻ സാധിക്കൂ. മറ്റു സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി സൗജന്യമായ ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം ആപ്പിളിന്റെ ഓപ്പൺ സോഴ്സ് കോഡ് ആർക്കും പരിശോധിക്കാവുന്നതാണ്.