Big B
Trending

ഷിപ്പിങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്

പൊതുമേഖലാ സ്ഥാപനമായ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിൽക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിനായുള്ള താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ് സർക്കാറിപ്പോൾ. രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയാണിത്. സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും വിവിധ കമ്പനികളോ വ്യക്തികളോ ചേർന്ന കൺസേർഷ്യയതിനും താൽപര്യപത്രം സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപക ഫണ്ടുകൾക്കും സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ച് കമ്പനിയിലെ ജീവനക്കാർ രൂപം നൽകുന്ന കൺസേർഷ്യയതിനും വിൽപ്പന നടപടികളിൽ പങ്കാളികളാകാം.

1961ൽ ഈസ്റ്റേൺ ഷിപ്പിംഗ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിംഗ് കോർപ്പറേഷനും ലയിപ്പിച്ച് 19 കപ്പലുകളുമായി പ്രവർത്തനമാരംഭിച്ച നവരത്ന വിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനിയിൽ 63.75 ശതമാനം ഓഹരിയാണ് സർക്കാറിനുള്ളത്. ഇത് പൂർണമായും വിറ്റഴിക്കാനുള്ള സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ലേലത്തുക സമർപ്പിക്കുന്നവർക്ക് ചുരുങ്ങിയത് 2000 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം.കൺസേർഷ്യയങ്ങളാണെങ്കിൽ അതിന് നേതൃത്വം നൽകുന്നവർക്ക് 1000 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം. പൊതുമേഖലാ സംരംഭങ്ങൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. ഫെബ്രുവരി 13 വരെയാണ് താത്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി. ഇ-മെയിൽ വഴി അപേക്ഷിക്കുന്നവർ മാർച്ച് ഒന്നിനകം നേരിട്ട് ലേല രേഖകൾ സമർപ്പിക്കണം. കേന്ദ്ര നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്. കമ്പനിക്ക് കീഴിലെ ചില ആസ്തികൾ വിൽപ്പനയിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാമാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര-അന്താരാഷ്ട്ര കപ്പൽ സേവനം നൽകുന്ന കമ്പനിക്ക് കീഴിൽ നിലവിൽ എൺപതോളം കപ്പലുകളുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 131 കോടി രൂപയുടെ ലാഭമുണ്ടാക്കിയ കമ്പനിയുടെ ആകെ വരുമാനം 876 കോടി രൂപയാണ്.

Related Articles

Back to top button