
മലയാളഭാഷയുടെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ ലഭിക്കും. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള രചിച്ച രണ്ടായിരത്തിലധികം പേജുകളുള്ള ശബ്ദതാരാവലിയുടെ വെബ്‌സൈറ്റ് പ്രവർത്തനസജ്ജമായി. അഞ്ചുവർഷം നീണ്ട കഠിനപ്രയത്നങ്ങൾക്കൊടുവിലാണ് നിഘണ്ടുവിന്റെ ഡിജിറ്റൽപതിപ്പിറങ്ങുന്നത്.

സി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സായാഹ്ന ഫൗണ്ടേഷ’നാണ് സംരംഭത്തിനുപിന്നിൽ പ്രവർത്തിച്ചത്. കൃതികളുടെ ഡിജിറ്റൽ രൂപങ്ങളൊരുക്കുന്ന ആഗോളകൂട്ടായ്മയാണിത്. ഡിജിറ്റൽ പതിപ്പിനൊപ്പം മൂലഗ്രന്ഥത്തിന്റെ സ്കാൻ ചെയ്ത പി.ഡി.എഫ്. പേജുകളും ലഭ്യമാണ്. ‘ലെക്‌സോണമി’ സെർവറിലും ശബ്ദതാരാവലി ലഭ്യമാക്കിയിട്ടുണ്ട്.2015-ൽ ശബ്ദതാരാവലിയുടെ മൂലഗ്രന്ഥം ബെംഗളൂരുവിലെ സെമിനാരിയിൽ കണ്ടെത്തിയതോടെയാണ് ഡിജിറ്റൽ പതിപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. https://stv.sayahna.org എന്ന ലിങ്കുവഴി ശബ്ദതാരാവലിയുടെ ഡിജിറ്റൽപതിപ്പിൽ പ്രവേശിക്കാം.മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്ന അംഗീകാരം ലഭിച്ചിട്ടുള്ള ഈഗ്രന്ഥം വാക്കുകളുടെ അർഥാന്വേഷണത്തിലെ അവസാനവാക്കാണ്. ശബ്ദതാരാവലിയുടെ ആദ്യഭാഗം പൂർത്തിയാക്കാൻ പദ്മനാഭപിള്ള 20 വർഷമാണ് പരിശ്രമിച്ചത്.