
കേരളത്തില്‍ നിന്നുള്ള അനലോഗ് റേഡിയോ ഫ്രീക്വന്‍സി സെമികണ്ടക്ടര്‍ ഇന്റലക്ചല്‍ പ്രോപര്‍ട്ടി കമ്പനിയായ സിലിസയം സര്‍ക്യൂട്ട്‌സിനെ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടര്‍ അസോസിയേഷന്‍ (ഐഇഎസ്എ) ഏറ്റവും മികച്ച സാധ്യതകളുള്ള സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. സെമികണ്ടക്ടര്‍ രംഗത്ത് പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന നിലവിലെ സ്ഥിതി മറികടന്ന് സ്വാശ്രയത്വം കൈവരിക്കുന്നതിലേക്കു വഴി തുറക്കുന്ന ഐപിയാണ് സിലിസിയം സര്‍ക്യൂട്ട്‌സ് അടുത്തിടെ വികസിപ്പിച്ചത്. കൊച്ചിയിലെ രാജഗിരി എൻജിനീയറിങ് കോളേജിലെ സഹപാഠികളായിരുന്ന ഡോ. അരുണ്‍ അശോകും റിജിന്‍ ജോണും 2020 സെപ്റ്റംബറില്‍ സ്ഥാപിച്ചതാണ് തദ്ദേശീയമായ ഫാബ് ലെസ് അനലോഗ് ആര്‍എഫ് സെമികണ്ടക്ടര്‍ ഇന്റലക്ചല്‍ പ്രോപര്‍ട്ടി കമ്പനിയായ സിലിസിയം സര്‍ക്യൂട്ട്‌സ്. സ്ഥാപിതമായി ആദ്യ വര്‍ഷം തന്നെ ഐഐടി ഹൈദരാബാദ് ഫാബ് സിഐയില്‍ നിന്ന് തന്ത്രപരമായ നിക്ഷേപം ലഭിച്ച കമ്പനി വയര്‍ലെസ് രംഗത്ത് തദ്ദേശീയമായ സെമികണ്ടക്ടര്‍ ഐപികള്‍ വികസിപ്പിക്കുന്നതിനും തുടക്കം കുറിച്ചു.സങ്കീര്‍ണമായ അനലോഗ്/ മിക്‌സഡ് സിഗ്നല്‍ ഐപികളുടെ രംഗത്തെ സിലിസിയത്തിന്റെ ഈ നേട്ടം ഇന്ത്യന് സെമികണ്ടക്ടർ രംഗത്തെ അഭിമാനകരമായ ഒരു വേളയാണെന്ന് ഐഇഎസ്എ പ്രസിഡന്റും സിഇഒയുമായ കെ. കൃഷ്ണമൂര്‍ത്തി പറഞ്ഞു.