Auto
Trending

ബുക്കിങ്ങില്‍ ഞെട്ടിച്ച് സ്‌കോര്‍പിയോ N

സ്‌കോര്‍പിയോ ഇന്ത്യന്‍ നിരത്തുകളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ക്കായി എസ്.യു.വികളുടെ ബിഗ് ഡാഡി എന്ന വിശേഷണം നല്‍കി എത്തിയ സ്‌കോര്‍പിയോ എന്‍ ബുക്കിങ്ങില്‍ നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്നതും സര്‍വ്വ റെക്കോഡുകളും ഭേദിക്കുന്നതുമായി പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ജൂലായ് 30-ന് രാവിലെ 11 മണിക്കാണ് സ്‌കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് മഹീന്ദ്ര തുറന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 യൂണിറ്റുകള്‍ പ്രത്യേക വിലയില്‍ ലഭ്യമാക്കുമെന്നായിരുന്നു മഹീന്ദ്രയുടെ വാഗ്ദാനം. ബുക്കിങ്ങ് തുറന്ന് ഒരു മിനിറ്റ് തികയും മുമ്പ് 25,000 ബുക്കിങ്ങുകള്‍ പൂര്‍ത്തിയായി. 30 മിനിറ്റ് പിന്നിടും മുമ്പ് ബുക്കിങ്ങ് ഒരു ലക്ഷവും കടന്നു. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വെച്ച് കണക്കാക്കിയാല്‍ 18,000 കോടി രൂപയുടെ ബുക്കിങ്ങാണ് ഈ സമയം കൊണ്ട് ലഭിച്ചതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.മഹീന്ദ്ര ഥാര്‍, എക്‌സ്.യു.വി. 700 എന്നിവയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്.

Related Articles

Back to top button