
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ മിനിമം പലിശ നിരക്ക് ഉയർത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) ആണ് ഉയർത്തിയത്. ഇതോടെ 6.70 ശതമാനമായിരുന്ന പലിശ നിരക്ക് 6.95 ശതമാനമായി ഉയർന്നു. പുതുക്കിയ പലിശ നിരക്കുകൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.

പലിശ നിരക്ക് ഉയർത്തിയതിന് പുറമേ ഉപഭോക്താക്കളിൽനിന്ന് എസ്ബിഐ ഏകീകൃത പ്രോസസ്സിങ് ഫീസും ഈടാക്കും. വായ്പ തുകയുടെയും ജിഎസ്ടിയുടെയും 0.4 ശതമാനമാണ് പ്രോസസ്സിങ് ഫീസായി ഈടാക്കുക.ജിഎസ്ടി ഉൾപ്പടെ കുറഞ്ഞത് 10,000 രൂപ മുതൽ 30,000 രൂപവരെയായിരിക്കും പ്രോസസ്സിങ് ഫീസ്. ഇതിനൊപ്പം നികുതിയും ഈടാക്കും.വ്യക്തിഗത ടിഐആർ (ടൈറ്റിൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്), മൂല്യനിർണ്ണയം എന്നിവ ആവശ്യമില്ലാത്ത ബിൽഡർ ടൈ-അപ്പ് പ്രോജക്ടുകൾക്കും ഇതേ പ്രോസസിങ് ഫീസ് തന്നെയാണ് ബാധകമാകുക. ടിഐആറും മൂല്യനിർണ്ണയവും ആവശ്യമെങ്കിൽ സ്റ്റാൻഡേർഡ് ചാർജ് ബാധകമാകും.അതേസമയം എസ്‌ബിഐയുടെ പുതിയ നീക്കം മറ്റ് ബാങ്കുകളെയും ഭവന വായ്പ പലിശ നിരക്ക് ഉയർത്തുന്നതിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ.