Uncategorized
Trending

മികച്ച ലാഭവിഹിതവുമായി പൊതുമേഖല ബാങ്കുകൾ

ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മികച്ച ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുമേഖല ബാങ്കുകള്‍. വായ്പാ വളര്‍ച്ചയോടൊപ്പം ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതുമാണ് ലാഭവിഹിതം പ്രഖ്യാപിക്കാന്‍ ബാങ്കുകളെ സഹായിച്ചത്.ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകള്‍ മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാരിന് 8000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം ചെറുക്കാന്‍ വിവിധ തീരുവകള്‍ കുറയ്‌ക്കേണ്ടിവന്ന സാഹചര്യം നേരിടാന്‍ ലാഭവിഹിതം സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമാകും.രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍നിന്നുമാത്രം സര്‍ക്കാരിന് 3,600 കോടി ലഭിക്കും. യൂണിയന്‍ ബാങ്കില്‍നിന്ന് 1,084 കോടിയും കാനാറ ബാങ്കില്‍നിന്ന് 742 കോടിയും ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍നിന്ന് 600 കോടി രൂപ വീതവും സര്‍ക്കാരിന്റെ ഖജനാവിലെത്തും. ഓഹരിയൊന്നിന് എസ്ബിഐ 7.10 രൂപയും ഇന്ത്യന്‍ ബാങ്ക് 6.50 രൂപയുമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്(ഐഒബി), ഐഡിബിഐ ബാങ്ക് ഉള്‍പ്പടെയുള്ളവ ലാഭത്തിലാണെങ്കിലും ഈവര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടില്ല. ദുര്‍ബലമായ സാമ്പത്തിക സ്ഥിതി പരിഗണിച്ച് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുമേഖല ബാങ്കുകള്‍ ലാഭവിഹിതം നല്‍കുന്നത് പരിമിതപ്പെടുത്തിയിരുന്നു.അതിനിടയില്‍ എസ്ബിഐയും ഇന്ത്യന്‍ ബാങ്കുമാണ് നാമമാത്രമായ ലാഭവിഹിതം ചിലവര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചത്.കോവിഡ് മൂലമുണ്ടായ അനിശ്ചിതത്വത്തെതുടര്‍ന്ന് 2020 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം നല്‍കുന്നതില്‍നിന്ന് ആര്‍ബിഐ ബാങ്കുകളെ വിലക്കിയിരുന്നു.

Related Articles

Back to top button