Big BUncategorized
Trending

റീടെയിലിലേയ്ക്ക് ചുവടുമാറ്റി നേട്ടം കൊയ്ത് സാപിന്‍സ്; കുതിപ്പു തുടരാന്‍ പുതിയ ഉല്‍പ്പന്നങ്ങളും

കോവിഡിനു മുമ്പ് വില്‍പ്പനയുടെ 85%-വും സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളിലൂടെ നേടിയിരുന്ന മുന്‍നിര ഡെയറി ഉല്‍പ്പന്ന ബ്രാന്‍ഡായ സാപിന്‍സ് കോവിഡിനെത്തുടര്‍ന്ന് റീടെയിലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് നേട്ടമായെന്ന് സാപിന്‍സ് ഫാം പ്രൊഡക്റ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ്. 12 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രാന്‍ഡായിരുന്നെങ്കിലും മധ്യകേരളത്തിലെ നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ബേക്കറികള്‍, സ്റ്റാഫ് അക്കൊമൊഡേഷനുകള്‍ തുടങ്ങിയ കോര്‍പ്പറേറ്റ് ബിസിനസ് രംഗത്തായിരുന്നു സാപിന്‍സിന്റെ ഊന്നല്‍. എന്നാല്‍ കോവിഡ് വന്നതോടെ കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ബിസിനസില്‍ ക്ഷീണമുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് ചില്ലറ വില്‍പ്പനയില്‍ കൂടുതല്‍ ശ്രദ്ധിച്ചാണ് വളര്‍ച്ച നിലനിര്‍ത്താനായതെന്ന് ജിജി തോമസ് പറഞ്ഞു. ചില്ലറ വില്‍പ്പനയിലൂടെ ബ്രാന്‍ഡ് കൂടുതല്‍ ജനപ്രിയമായതിനു പുറമെ ക്യാഷ് ഫ്‌ളോയും ലാഭക്ഷമതയും വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവില്‍ 85% വിറ്റുവരവും റീടെയില്‍ മേഖലയില്‍ നിന്നായപ്പോള്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിസിനസ് 15% ആയി. കടുത്ത മത്സരം, മുന്‍കൂട്ടി ഓര്‍ഡറുകള്‍ ലഭിക്കാത്തതിലെ അനിശ്ചിതത്വം, എക്‌സ്പയറി തീയതി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കേണ്ടി വരുന്നതിലെ നഷ്ടം എന്നീ വെല്ലുവിളികള്‍ റീടെയില്‍ രംഗത്തുണ്ട്. എന്നാല്‍ ആവശ്യം പഠിച്ചറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ വേസ്റ്റേജ് 5%-ല്‍ താഴെ നിര്‍ത്താനാവുന്നു.

റീടെയില്‍ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് കോര്‍പ്പറേറ്റ് വിപണിയില്‍ മാത്രം വിറ്റിരുന്ന നെയ്യ്, പനീര്‍, ബട്ടര്‍, ഖോവ എന്നീ ഉല്‍പ്പന്നങ്ങളും കമ്പനി റീടെയില്‍ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പാല്‍, തൈര് എന്നിവയ്‌ക്കൊപ്പം ഇവയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജിജി തോമസ് പറഞ്ഞു.മുന്‍കൂട്ടിയുള്ള ചുവടുമാറ്റം മൂലം കോവിഡിനെ ചെറുത്തും ഈ വര്‍ഷം പ്രതീക്ഷിച്ച വിറ്റുവരവായ 25 കോടി നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷത്തിനകം വിറ്റുവരവ് 100 കോടിയാക്കാനും ലക്ഷ്യമിടുന്നു.റീടെയിലിലേയ്ക്ക് ചുവടുമാറ്റിയപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളേയും ചെറുകിട ഷോപ്പുകളേയും മാത്രം ആശ്രയിക്കാതെ ഫുഡ് കാരിയേഴ്‌സ് എന്ന ആപ്പു വഴി നേരിട്ട് വിതരണമാരംഭിച്ചതും സാപിന്‍സിന് തുണയായി. റെഡി റ്റു ഈറ്റ് ചപ്പാത്തി, ദോശ-ഇഡലി മാവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ബ്രാന്‍ഡുകളുമായി സഹകരിച്ച് ബ്രേക്ഫാസ്റ്റ് ഉല്‍പ്പന്നങ്ങളുടെ ഡെലിവറി മോഡലാണ് ഫുഡ് കാരിയേഴ്‌സ് നടപ്പാക്കുന്നത്. ആപ്പിലൂടെ മാത്രം ആയിരത്തോളം സ്ഥിരം ഉപഭോക്താക്കളുണ്ട്.കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ട്. ടോണ്‍ഡ്, ഫുള്‍ ക്രീം തുടങ്ങി നാല് വകഭേദങ്ങളിലുള്ള പാലിനു പുറമെ തൈര് (പ്രതിദിനം 10,000 ലിറ്റര്‍), നെയ്യ് (1500 ലിറ്റര്‍), പനീര്‍, ബട്ടര്‍ (പ്രതിദിനം 2-3 ടണ്‍) എന്നിങ്ങനെയാണ് കമ്പനിയുടെ ശേഷികള്‍. കിഴക്കമ്പലത്ത് സ്വന്തമായുള്ള ഫാമിനു പുറമെ ക്ഷീരകര്‍ഷകരില്‍ നിന്ന് ട്വന്റി20 വഴിയും കമ്പനി പാല്‍ വാങ്ങുന്നുണ്ട്.

നിലവില്‍ മധ്യകേരളത്തിലാണ് സാപിന്‍സിന്റെ നേരിട്ടുള്ള റീടെയില്‍ വിപണനം. അതേസമയം റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി സംസ്ഥാനത്തുടനീളം സാപിന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. റിലയന്‍സിന്റെ ജിയോമാര്‍ട് ആപ്പില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കേരളീയ ബ്രാന്‍ഡ് സാപിന്‍സ് ആണെന്നും ജിജി തോമസ് പറഞ്ഞു. കമ്പനിയുടെ സ്വന്തം വിതരണശൃംഖല വികസിപ്പിച്ച് വൈകാതെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ റീടെയ്ല്‍ വിപണികളിലെത്താനും സാപിന്‍സിന് പരിപാടിയുണ്ട്.  

Related Articles

Back to top button