
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സ്ആപ്പ് പകരമായി പുതിയ ആപ്പ് പുറത്തിറങ്ങി. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഈ ആപ്പിന് ‘സന്ദേശ്’ എന്നാണ് പേരിട്ടിരിക്കുന്നത്. വാട്ട്സ്ആപ്പിന് സമാനമായ ചാറ്റിങ് മെസഞ്ചർ പുറത്തിറക്കുമെന്ന് സർക്കാർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. എന്നാൽ, ഈ ആപ്ലിക്കേഷന്റെ ഔദ്യോഗിക അവതരണം എപ്പോൾ നടക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഈ ആപ്പ് വഴി ഉപഭോക്താക്കൾക്ക് വോയിസ്, ഡാറ്റാ കൈമാറ്റം പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള എൻഐസിയാണ് ഈ ആപ്ലിക്കേഷന് പിന്നിൽ പ്രവർത്തിക്കുന്നത്. ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ആപ്പുകളും സേവനങ്ങളുമാണ് സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. ഇതിന് അറുതി വരുത്താൻ പുതിയ ആപ്ലിക്കേഷന് സാധിച്ചേക്കും. വാട്സ്ആപ്പ്, ടെലഗ്രാം എന്നീ ജനപ്രിയ അപ്ലിക്കേഷനുകളുടെ മാതൃകയിലാണ് പുതിയ ആപ്പിന്റെ സൃഷ്ടി എന്നാണ് വിവരം.