
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് അവരുടെ ഐടിഐ ഡിസ്പ്ലേ നിർമ്മാണ യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലെ നോയിഡയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നു. ഉത്തർപ്രദേശിലാണ് പുതിയ ഫാക്ടറി സ്ഥാപിക്കുക.ഇതിൻറെ ഭാഗമായി ഇന്ത്യയിൽ 4,825 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ.

സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പ്രത്യേകം ഇൻസെന്റേറ്റീവുകൾ നൽകാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സാംസങിൻറെ ആദ്യത്തെ ഹൈ-ടെക്നിക് പദ്ധതിയായിരിക്കും ഈ സാംസങ് പ്ലാൻറെന്ന് യുപി സർക്കാർ വക്താവ് പറഞ്ഞു. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ പ്ലാൻറായി ഇതു മാറും. നിലവിൽ സാംസങ് നോയ്ഡയിൽ ഒരു മൊബൈൽ ഫോൺ നിർമാണ യൂണിറ്റുണ്ട്. വരാൻ പോകുന്ന പുതിയ നിർമ്മാണ യൂണിറ്റിൽ ഏകദേശം 510 പേർക്ക് നേരിട്ട് നിയമനം ലഭിച്ചേക്കാമെന്ന് സൂചനയുണ്ട്.യുപി ഇലക്ട്രോണിക് മാനുഫാക്ചറിംഗ് പോളിസി 2017 അനുസരിച്ചാണ് ഭൂമി കൈമാറ്റം നടക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് ലഭിക്കും. അഞ്ചുവർഷത്തേക്ക് പദ്ധതിക്കായി സംസ്ഥാന സർക്കാർ 250 കോടി രൂപയുടെ ധനസഹായവും നൽകും. കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 460 കോടി രൂപയുടെ സാമ്പത്തിക പ്രോത്സാഹനവും കമ്പനിക്ക് ലഭിക്കും.