
3ഡി വീഡിയോകളിൽ നിന്നുള്ള ദൃശ്യാനുഭവം മൂന്നിരട്ടിയാക്കുന്ന കിടിലൻ ഹോളോഗ്രാഫിക്സ് ഡിസ്പ്ലേ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. ഒരു വസ്തുവിൽ വെളിച്ചം തട്ടി പ്രതിഫലിപ്പിക്കുന്നത് അടിസ്ഥാനമാക്കി 3ഡിയിൽ അവതരിപ്പിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയാണ് ഹോളോഗ്രാഫിക്സ്. എന്നാൽ സാധാരണ 3ഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹോളോഗ്രാഫിയിൽ ചിത്രീകരിക്കുന്ന ചിത്രങ്ങൾ വ്യത്യസ്ത കോണുകളിൽനിന്നും കാണാൻ സാധിക്കും.

സാംസങ് പുതുതായി അവതരിപ്പിച്ച കനംകുറഞ്ഞ ഈ ഹോളോഗ്രാഫിക് ഡിസ്പ്ലേ സ്മാർട്ട് ഫോണുകളിലും മറ്റും ഭാവിയിൽ ഉപയോഗിക്കാനാകുമെന്ന് ഈ പുത്തൻ സാങ്കേതിക വിദ്യ വികസിപ്പിച്ച ശാസ്ത്രജ്ഞർ അറിയിച്ചു. ഒരു കുളത്തിൽ നീന്തുന്ന ആമയുടെ 4kയിൽ എടുത്ത വീഡിയോയാണ് സാംസങ് സംഘം ഹോളോഗ്രാഫി ഉപയോഗിച്ച് അവതരിപ്പിച്ചത്. ആമയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നുമടക്കമുള്ള വിവിധ വശങ്ങളിൽ നിന്നുള്ള കാഴ്ചകൾ ഈ വീഡിയോയിൽ കാണാനാകും. സാംസങിന്റെ ഹോളോഗ്രാഫി ഡിസ്പ്ലേയിൽ സാധാരണ ഡിസ്പ്ലേയിലെന്നപോലെ വി ആർ ഗ്ലാസ് പോലുള്ളവയുടെ സഹായമില്ലാതെ 3ഡി ദൃശ്യങ്ങൾ ആസ്വദിക്കാനാകും. സ്മാർട്ട്ഫോണുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഹോളോഗ്രാഫിക്സ് ഡിസ്പ്ലേയുടെ വലിപ്പം കുറയ്ക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്.