
രണ്ടായി മടക്കാവുന്ന സ്ക്രീനുള്ള ഫോണ്‍ ആദ്യമായി വിപണിയിലെത്തിച്ച കമ്പനിയാണ് സാംസങ്. എന്നാൽ, സാംസങ് ഇപ്പോൾ മൂന്നായി മടക്കാവുന്ന ആദ്യ ടാബ്ലറ്റിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. സാംസങ്ങിന്റെ മൂന്നു സ്ക്രീനുകളുള്ള ഉപകരണത്തിന്റെ നിര്‍മാണ റിപ്പോർട്ട് ഗിസ്മോ ചൈനയാണ് പുറത്തുവിട്ടത്. ഇത്തരം ഒരു ഉപകരണത്തിന്റെ ആദിമരൂപം ടിസിഎല്‍ കമ്പനിയും നിർമിച്ചു കാണിച്ചിരുന്നു.എന്നാല്‍, ഫോള്‍ഡബിൾ ഫോണിന്റെ കാര്യത്തില്‍ സംഭവിച്ചതു പോലെ സാംസങ് ആയിരിക്കും ഇത്തരമൊരു ഉപകരണം ആദ്യം നിര്‍മിച്ച് വില്പനയ്ക്ക് എത്തിക്കുക എന്നു കരുതുന്നു. ഗ്യാലക്സി സെഡ് ഫോള്‍ഡ് ടാബ് എന്നു പേരിട്ടേക്കാവുന്ന ടാബ് അടുത്ത വര്‍ഷം ആദ്യം തന്നെ വിപണിയിലെത്തിയേക്കാം. ഇതിനൊപ്പം ഒരു ഹൈബ്രിഡ് എസ്-പെന്നും അവതരിപ്പിച്ചേക്കും.