
സാംസങ് ഏറ്റവും പുതിയ സ്മാർട്ട് ഫോണായ സാംസങ് ഗാലക്സി എഫ് 62 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസങ് ഗ്യാലക്സി എഫ് പരമ്പരയിലെ രണ്ടാമത്തെ ഫോണാണിത്. സാംസങ്.കോം, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ,റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫെബ്രുവരി 22 മുതൽ ഈ സ്മാർട്ട് ഫോൺ വിൽപ്പനയ്ക്കെത്തും. ലേസർ ഗ്രീൻ, ലേസർ ബ്ലൂ, ലേസർ ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫോണിൻറെ 6ജിബി/128ജിബി വേരിയന്റിന് 23,999 രൂപയും 8ജിബി/128ജിബി വേരിയന്റിന് 25,999 രൂപയുമാണ് വില.

ഫുൾ എച്ച് ഡി പ്ലസ് റെസല്യൂഷനിലുള്ള 6.7 ഇഞ്ച് വലിപ്പമുള്ള സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. എക്സിനോസ് 9825 പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യു ഐ 3.1 ലാണ് ഈ ഫോണിൻറെ പ്രവർത്തനം. 64 മെഗാപിക്സൽ പ്രധാന ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മൈക്രോ സെൻസർ, 5 മെഗാ പിക്സൽ ഡെപ്ത്ത് ലെൻസ് എന്നിവയുൾപ്പെടുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. ഇതിൽ 4കെ യുഎച്ച്ഡി വീഡിയോ റെക്കോർഡിങ് സൗകര്യമുണ്ട്. സിംഗിൾ ടേക്ക്, അൾട്രാ വൈഡ്, ലൈവ് ഫോക്കസ്, മൈക്രോ, സൂപ്പർ സ്ലോ മോഷൻ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിൻറെ റിയൽ ക്യാമറ സജ്ജീകരണത്തിലുണ്ട്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 32 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു. അതിവേഗ ചാർജിങ് സൗകര്യമുള്ള 7000 എംഎഎച്ച് ബാറ്ററി പായ്ക്കാണ് ഫോണിൽ നൽകിയിരിക്കുന്നത്. റിവേഴ്സ് ചാർജിങ് സൗകര്യവും ഇതിലുണ്ട്.