
ദക്ഷിണകൊറിയൻ സ്ഥാപനമായ സാംസങ്ങിനെ ആഗോള ടെക് ടൈറ്റാനിക്കാക്കി മാറ്റിയ സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ-കുൻ-ഹി അന്തരിച്ചു. 78 വയസ്സായിരുന്നു. 2014 മുതൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിച്ച വേറിട്ട ഒരു വ്യക്തിയായിരുന്നിട്ടും വളരെയധികം ഉൾവലിഞ്ഞ ജീവിതരീതിയിരുന്നു അദ്ദേഹം പിന്തുടർന്നത്. അന്തരിക്കുന്നത് വരെ അപൂർവ്വമായി മാത്രമേ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.

ഇലക്ട്രിക് ഉപകരണങ്ങൾ മുതൽ കെട്ടിട നിർമ്മാണം നീളുന്ന പലവക കച്ചവടമായിരുന്നു തുടക്കത്തിൽ സാംസങ് ഗ്രൂപ്പിനുണ്ടായിരുന്നത്.1987ൽ ലീ ചെയർമാൻ സ്ഥാനത്തേക്ക് എത്തിയതോടെയാണ് കമ്പനി ഇലക്ട്രോണിക് രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ലീ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളും മെമ്മറി ചിപ്പുകളും ഉല്പാദിപ്പിക്കുന്ന കമ്പനിയായി സാംസങ് ഉയർന്നു. ഇന്നത്തെ കമ്പനിയുടെ മൊത്തം വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ജിഡിപിയുടെ അഞ്ചിലൊന്നിന് തുല്യമാണ്.
കുടുംബങ്ങൾ നിയന്ത്രിക്കുന്ന ബിസിനസ്സുകാർക്ക് വലിയ സ്വാധീനമുള്ള ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ കുടുംബ ബിസിനസാണ് സാംസങ്ങിന്റേത്.’ഭാര്യയും കുട്ടികളും അല്ലാതെ എല്ലാം നമുക്ക് മാറ്റാം’ എന്ന് 1993 ലീ പറയുകയുണ്ടായി. അദ്ദേഹത്തിൻറെ അവസാനനാളുകളിൽ പോലും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ മറനീക്കാതെയാണ് ലീ യാത്രയായത്.