
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെൻഷൻ, സാമൂഹിക സുരക്ഷ-ക്ഷേമ പെൻഷനുകൾ എന്നിവ വർദ്ധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് അറിയിച്ചു. ഉത്തരവ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൽ കുടുങ്ങാതിരിക്കാനാണ് നടപടി. ഏപ്രിൽ മാസം മുതലാണ് വർധന.

ഉത്തരവിറക്കിയിട്ടും എജി ഉന്നയിച്ച സംശയങ്ങൾ കാരണം നടപ്പാക്കാൻ കഴിയാതിരുന്ന കോളേജ് അധ്യാപകരുടെ പുതുക്കിയ യുജിസി ശമ്പളം ഫെബ്രുവരി ഒന്നു മുതൽ വിതരണം ചെയ്യും. ഒപ്പം കുടിശ്ശിക പിഎഫിൽ ലയിപ്പിക്കും. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷന്റെ റിപ്പോർട്ട് അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും. 10 മുതൽ 12 ശതമാനം വരെ ശമ്പളവർധനയാകും കമ്മീഷൻ ശുപാർശ ചെയ്യുകയെന്നാണ് സൂചന. ഒപ്പം ശമ്പളം നിർണയിക്കുന്നതിൽ കഴിഞ്ഞതവണ നിശ്ചയിച്ച ഫോർമുലയിൽ മാറ്റം വരുത്തും. പൂർത്തിയാക്കിയ ഒരു വർഷത്തേക്ക് അര ശതമാനം വെയിറ്റേജ് ആയിരുന്നു കഴിഞ്ഞതവണ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ കുറവ് വരുത്തും.