Startup Stories
Trending

കലർപ്പില്ലാതെ വയനാടൻ രുചിക്കൂട്ടുകൾ ആസ്വദിക്കാം സഹ്യാഗ്രിയിലൂടെ

വയനാടിന്റെ ഗാംഭീര്യമുള്ള മലനിരകൾ സുഗന്ധവ്യഞ്ജനങ്ങളുടെ ആവാസകേന്ദ്രമാണ്. വയനാടൻ മണ്ണിലെ ഏലവും കാപ്പിയും കുരുമുളകുമെല്ലാം സഹസ്രാബ്ദങ്ങളായി ലോകമെമ്പാടുമുള്ള രുചി വൈവിധ്യത്തിന് സുഗന്ധം പകരുന്നു. എന്നാൽ കാലം മാറി തുടങ്ങിയപ്പോൾ ഇവയിൽ രാസവസ്തുക്കളും കടന്നു കയറാനാരംഭിച്ചു. എങ്കിലും കലർപ്പില്ലാതെ ഇവ തങ്ങളുടെ കൈകളിലേക്ക് എത്തിച്ചേരുക എന്നത് ആഗ്രഹിക്കാത്തവരുണ്ടാവില്ല. വയനാടിന്റെ മണവും രുചിയും കലർപ്പില്ലാതെ കർഷകരിൽ നിന്നും നേരിട്ട് നമ്മുടെ അടുക്കളയിലേക്ക് എത്തിയാലോ! അതും പൂർണമായും പരിസ്ഥിസൗഹാർദപരമായി, ഇത്തരമൊരു ആശയം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സഹ്യാഗ്രി’ എന്ന പുത്തൻ സംരംഭം.

വയനാടിന്റെ മൂടൽമഞ്ഞ് നിറഞ്ഞ മലനിരകളിൽ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഗുണനിലവാരം ഉറപ്പുവരുത്തി കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് അവയുടെ പരിശുദ്ധി പൂർണ്ണമായും നിലനിർത്തി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താവിന്റെ കൈകളിലേക്കെത്തിക്കുക എന്നതാണ് സഹ്യാഗ്രിയിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ‘connecting farmers to you’ എന്ന ഈ ആശയത്തെക്കുറിച്ച് സഹ്യാഗ്രിയുടെ ഫൗണ്ടർ നന്ദകിഷോർ ആവേത്താൻ Business Hour മായി സംസാരിക്കുന്നു.

1. കമ്പനിയുടെ പ്രവർത്തനരീതി എങ്ങനെയാണ്?

നിലവിൽ പ്രധാനമായും മഞ്ഞൾപൊടി, ഏലയ്ക്ക, കുരുമുളക്പൊടി, കാപ്പിപൊടി,മുളകുപൊടി, മല്ലിപൊടി എന്നീ 6 പ്രൊഡക്റ്റ്സാണ് ഞങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോം വഴി സബ്സ്ക്രിപ്ഷൻ പ്ലാനുകളായാണ് ഈ പ്രൊഡക്റ്റ്സ് വിപണിയിലെത്തുന്നത്. 100% വിശ്വസ്തമായ പ്രൊഡക്റ്റ്സ്, നമ്മുടെ വീടുകളിൽ തന്നെ ഉണക്കി പൊടിക്കുമ്പോൾ കിട്ടുന്ന അതേ ഫീലോടുകൂടി ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. സബ്സ്ക്രൈബേഴ്സ്സിന് മാർക്കറ്റ് പ്രൈസിനേക്കാൾ താഴെയുള്ള വിലയിൽ പ്രൊഡക്റ്റ്സ് നൽകാൻ ഞങ്ങൾക്ക് സാധിക്കും. ഒപ്പം ഇവ ഉല്പാദിപ്പിക്കുന്ന കർഷകന് മാർക്കറ്റ് പ്രൈസിനേക്കാളും അല്പമെങ്കിലും മുകളിലുള്ള പ്രൈസാണ് നൽകി വരുന്നത്. ഡിസ്ട്രിബ്യൂഷൻ ചെയിൻ പൂർണ്ണമായും ഇല്ലാതാക്കി കർഷകരിൽ നിന്നും നേരിട്ട് അവരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതാണ് സഹ്യാഗ്രിയിലൂടെ സാധ്യമാകുന്നത്.

കാർബൺ ന്യൂട്രൽ വിഷണറിയാണ് കമ്പനിയുടെ അടിസ്ഥാന ആശയം. എക്കോ ഫ്രണ്ട്ലിയായി പ്രൊഡക്റ്റ്സ് ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത് നടപ്പാക്കുന്നതിനായി റീഫിൽ പാക്കറ്റുകളും ഗ്ലാസ് ജാറുകളുമാണ് നൽകുന്നത്. ഇതിന്റെ പ്രധാന ഉദ്ദേശം ആളുകൾക്ക് പ്രൊഡക്റ്റ്സ് റീഫിൽ ചെയ്ത് ഉപയോഗിക്കാം എന്നത് തന്നെയാണ്. ഇതിനായി ഞങ്ങൾ ഉപഭോക്താക്കളിലേക്ക് നൽകുന്ന ഗ്ലാസ് ജാറുകളിൽ QR code നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഈ QR code സ്കാൻ ചെയ്ത് പ്രൊഡക്ട്സ് റീഫിൽ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

2. കമ്പനിയുടെ ആരംഭം എങ്ങനെയായിരുന്നു?

സഹ്യാഗ്രി എക്സാറ്റ്ലി സ്റ്റാർട്ട് ചെയ്യുന്നത് 2022 ഏപ്രിൽ 4നാണ്. പക്ഷേ കമ്പനിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപ് അതായത് 2021ൽ തന്നെ ഞങ്ങൾ ബാംഗ്ലൂർ കേന്ദ്രീകരിച്ച് കൃത്യമായ മാർക്കറ്റ് സ്റ്റഡി നടത്തിയിരുന്നു. ഇതിൽ നിന്നും ആളുകൾക്ക് വിശ്വാസ്യതയുള്ള ഇത്തരം ഉൽപ്പന്നങ്ങൾ ലഭിക്കുന്നില്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. ഇതിനെ തുടർന്ന് ഞങ്ങൾ ബാംഗ്ലൂരിൽ കമ്പനിയുടെ ധാരാളം സ്റ്റാളുകൾ ആരംഭിച്ച് കൃത്യമായി പഠിച്ചതിനു ശേഷം അവിടെ തന്നെ ഒരു കമ്മ്യൂണിറ്റിയിലാണ് കമ്പനിയുടെ പ്രവർത്തനം ആദ്യമായി ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി എന്ന് പറഞ്ഞാൽ നിക്കു ഹോംസ് എന്ന പുതിയൊരു ബിൽഡേഴ്സിന്റെ കോംപ്ലക്സിന് നടുവിലാണ് സഹ്യാഗ്രി സ്റ്റാർട്ട് ചെയ്യുന്നത്. നിലവിൽ വയനാട് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

3. എങ്ങനെയാണ് സഹ്യാഗ്രി എന്ന ഈ ഒരു ആശയത്തിലേക്ക് എത്തിച്ചേർന്നത്?

എൻറെ അച്ഛനൊരു കർഷകനാണ്. ചെറുപ്പം മുതൽ തന്നെ കൃഷി കണ്ടാണ് ഞാൻ വളർന്നത്. എന്നാൽ കർഷകർ അർഹിക്കുന്ന വില അവരുടെ ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് കർഷകർക്ക് മാക്സിമം പ്രൈസ് കൊടുത്ത്, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കസ്റ്റമേഴ്സിന് അഫോഡബിളായ വിലയിൽ ഇടനിലക്കാരില്ലാതെ എത്തിച്ചു നൽകുക എന്ന ഈ ഒരു ആശയത്തിലേക്ക് എത്തിയത്. സഹ്യാഗ്രി ആരംഭിക്കുന്നതിനു മുൻപ്, കർഷകർക്കായി ഫാം എസ്റ്റിമേറ്റ് എന്ന ആപ്പ് ഞങ്ങൾ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഇതും സഹ്യാഗ്രിയിലേക്ക് എത്താൻ സഹായിച്ചു. Sahyadri, agriculture ഈ രണ്ട് വാക്കുകൾ യോജിപ്പിച്ചാണ് SAHYAGRI എന്ന ഈയൊരു പേരിലേക്ക് എത്തിച്ചേർന്നത്.

4. കമ്പനിയുടെ mission and vision

നമ്മുടെ ടാഗ് ലൈൻ എന്നു പറയുന്നത് തന്നെ ‘connecting farmers to you’ എന്നതാണ്. അതായത് കമ്പനിയിലൂടെ കർഷകനെ ഡയറക്ടായി ഉപഭോക്താവിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് വിഷൻ. ഒപ്പം നമ്മുടെ നാട്ടിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ലോകത്തിൻറെ എല്ലാ ഭാഗത്തേക്കും എത്തിക്കുക, അതും കാർബൺ ന്യൂട്രൽ ആയി എത്തിക്കുക എന്നതാണ് മെയിൻ ആയിട്ട് ഞങ്ങൾ ലക്ഷ്യമിടുന്നത്.

5. കമ്പനിയുടെ അണിയറയിൽ പ്രവർത്തിക്കുന്ന ടീം

ഞങ്ങൾ കുറച്ച് സ്കൂൾ ഫ്രണ്ട്സ് ചേർന്നാണ് ഈയൊരു കമ്പനി ആരംഭിക്കുന്നത്. ആനന്ദ് ഫിലിപ്പ്സൺ,ഷെഹൽ കെ.ജി, Dr.കമൽ മോഹിത്, കാഞ്ചനമാല സമംഗ ഈ 4 പേരാണ് സഹ്യാഗ്രിയുടെ മറ്റു പാർട്ട്ണേഴ്സ്.

6. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു കമ്പനികളിൽ നിന്ന് ‘SAHYAGRI’ യെ വ്യത്യസ്തമാക്കുന്നതെന്താണ്?

ഞങ്ങളുടെ സെനറി പാക്ക് എന്ന് പറയുന്ന പ്രൊഡക്റ്റിൽ നേംമ്ഡ് ലേബൽസുള്ള 6 ഗ്ലാസ് ജാറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രൊഡക്റ്റ്/സംവിധാനം നിലവിൽ ആമസോണിലടക്കം ലഭ്യമല്ല. ഇത്തരം പ്രൊഡക്റ്റ്സ് ആമസോണിലോ ഫ്ലിപ്കാർട്ടിലോ ഇല്ലെന്നു പറയുമ്പോൾ അതുതന്നെ ഞങ്ങളുടെ യൂണിക്നസ് പോയിൻറ് ഔട്ട് ചെയ്യുകയാണ് ചെയ്യുന്നത്. മറ്റു പ്രൊഡക്സിൽ നിന്ന് വ്യത്യസ്തമായി എക്കോ ഫ്രണ്ട്‌ലിയായ പാക്കിംഗ് ആണ് ഞങ്ങൾ നൽകുന്നത്. ഇനിയും കൂടുതൽ വ്യത്യസ്തമായി നിൽക്കാൻ മാത്രം ആഗ്രഹിച്ചാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.

7. തുടക്കകാലത്ത് ഫണ്ടിംഗ് കണ്ടെത്തിയത് എങ്ങനെയായിരുന്നു?

ഫണ്ടിങ് എല്ലാം തന്നെ ഞങ്ങൾ സുഹൃത്തുക്കൾ വഴി തന്നെയാണ് കണ്ടെത്തിയിരുന്നത്. വരുന്ന ഒന്ന് രണ്ട് വർഷത്തേക്ക് ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അതിനുശേഷം മാത്രം പുറമേ നിന്നുള്ള ഇൻവെസ്റ്റ്മെന്റുകൾ സ്വീകരിക്കാം എന്നൊരു പ്ലാനിലാണ് മുന്നോട്ട് പോകുന്നത്.

8. തുടക്കത്തിൽ നിന്ന് ഇവിടെ വരെ എത്തി നിൽക്കുമ്പോൾ കമ്പനി കൈവരിച്ച വളർച്ച

കമ്പനി തീർച്ചയായും കൂടുതൽ കസ്റ്റമേഴ്സിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഒപ്പം കമ്പനിയുടെ ബ്രാൻഡ് വാല്യൂ നല്ല രീതിയിൽ തന്നെ ക്രിയേറ്റായി വരുന്നുണ്ട്. ധാരാളം പുതിയ കസ്റ്റമേഴ്സ് ഞങ്ങളെ ഇങ്ങോട്ട് കോൺടാക്ട് ചെയ്യുന്നുണ്ട്. ഒപ്പം കുവൈത്ത്, യുഎഇ, യുകെ, യുഎസ്എ പോലുള്ള പല രാജ്യങ്ങളിൽ നിന്നും എക്സ്പോർട്ടുമായി ബന്ധപ്പെട്ട് ധാരാളമാളുകൾ ഇങ്ങോട്ട് കോൺടാക്ട് ചെയ്യുന്നുണ്ട്.

9. ഒരു പുതിയ ബ്രാൻഡ് എന്ന നിലയിൽ ഏത് രീതിയിലുള്ള മാർക്കറ്റിംഗാണ് നടത്തുന്നത്?

പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ടുള്ള മാർക്കറ്റിംഗ് ആണ് ചെയ്തു വരുന്നത്. ഞാനൊരു വ്ലോഗറാണ് അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കുറച്ച് കോണ്ടാക്ട്സും ഉണ്ട്. കൂടാതെ ഞങ്ങൾ ഇപ്പോൾ ഇന്ത്യ മാർട്ടിൽ ലിസ്റ്റഡാണ്. ഒപ്പം ഫ്ലിപ്കാർട്ടിലും ചെറിയ രീതിയിലുള്ള മാർക്കറ്റിംഗ് ചെയ്യുന്നുണ്ട്. കൂടാതെ സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷനും മറ്റുമുണ്ട്. നിലവിൽ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് യൂറോപ്പിലുള്ള ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ടീമുമായി ഞങ്ങളുടെ രണ്ടു റൗണ്ട് മീറ്റിംഗ് കഴിഞ്ഞു. വരുന്ന ആഴ്ച മുതൽ ഇതുമായി ബന്ധപ്പെട്ട മാർക്കറ്റിംഗും സ്റ്റാർട്ട് ചെയ്യും.

10. 2023 പിന്നിടുമ്പോൾ കമ്പനി കൈവരിക്കേണ്ട വളർച്ചയെക്കുറിച്ച് പ്ലാൻ ചെയ്തിട്ടുണ്ടോ?

ഞങ്ങൾ ഇപ്പോൾ നിലവിൽ ആറ് പ്രോഡക്റ്റ്സും അതിൻറെ വേരിയന്റ്സും മാത്രമേ മാർക്കറ്റിലേക്ക് എത്തിക്കുന്നുള്ളൂ. ഈ വർഷം കഴിയുമ്പോഴേക്കും ഇതൊരു 20 പ്രോഡക്റ്റ്സാക്കുക എന്നതാണ് പ്ലാൻ. ഇപ്പോൾ തന്നെ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒപ്പം എക്സ്പോർട്ടുമായി ബന്ധപ്പെട്ട് കുറച്ച് ഓഫറുകൾ വന്നു നിൽക്കുന്നുണ്ട്. ഇവയിൽ ഏതെങ്കിലും രണ്ടു മൂന്നു ഡീൽസ് സൈൻ ചെയ്യുക എന്നൊരു പ്ലാൻ കൂടിയുണ്ട്.

11. സഹ്യാഗ്രിയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികൾ (long term) എന്തെല്ലാമാണ്?

പ്രധാനമായും, നിലവിലുള്ള ഞങ്ങളുടെ കസ്റ്റമേഴ്സിന്റെ എണ്ണം കുറച്ചുകൂടി ഉയർന്നതിനു ശേഷം, ഉപഭോക്താവിന്റെ ബോട്ടിലുകൾ കാലിയാകാൻ തുടങ്ങുമ്പോൾ ഇത് റിമൈൻഡ് ചെയ്യുന്നതിനും, പുതിയ ഓർഡർ പ്ലെയ്സ് ചെയ്യുന്നതിനുമായി കമ്പനിയിൽ നിന്ന് ഓട്ടോമാറ്റിക്കായി ഉപഭോക്താവിന് മെസ്സേജ് അയക്കുന്നതിനുള്ള ഒരു സംവിധാനം നടപ്പാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു ഉപഭോക്താവ് ഫ്രീക്വൻ്റ്ലി എത്ര ഓർഡറുകൾ നടത്തുന്നുണ്ട്, ഓരോ പ്രൊഡക്റ്റും എത്ര ഫ്രീക്വൻസിയിലാണ് ഓർഡർ ചെയ്യുന്നത് എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്തരം മെസ്സേജുകൾ ഉപഭോക്താവിലേക്ക് എത്തുക. ഇതോടൊപ്പം തന്നെ നെക്സ്റ്റ് ഓർഡർ പ്ലെയ്സ് ചെയ്യുന്ന സമയത്ത് ഉപഭോക്താവ് റീഫിൽ പാക്കറ്റുകൾ തിരികെ നൽകുകയാണെങ്കിൽ ഇതിന് ഒരു പ്രൈസ് നൽകുക എന്നതും ഞങ്ങൾ ആലോചിക്കുന്നുണ്ട്.

12. കടന്നു വരാനിരിക്കുന്ന യുവ സംരംഭകർക്കായി നൽകാനുള്ള നിർദ്ദേശങ്ങൾ/ടിപ്സ് എന്തെല്ലാമാണ്?

എനിക്ക് ആദ്യം തന്നെ പറയാനുള്ള കാര്യം ഒരു ബിസിനസ് ചെയ്യുക എന്നത് ഒരു ജോബിന് പോവുക എന്നതിനേക്കാൾ എത്രയോ മടങ്ങ് ബുദ്ധിമുട്ടുള്ള കാര്യമാണ്. പെട്ടെന്ന് തന്നെ ഒരു ബിസിനസ് വിജയത്തിലേക്ക് എത്തണമെന്നില്ല. പക്ഷേ കൺസിസ്റ്റൻറ് ആയി ബിസിനസിനു വേണ്ടി വർക്ക് ചെയ്യുകയാണെങ്കിൽ തീർച്ചയായും ഏത് ബിസിനസും വിജയിക്കുക തന്നെ ചെയ്യും. Consistency, follow-up ഇവ രണ്ടുമാണ് ഒരു ബിസിനസ്സിൽ നോക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ. ഒപ്പം കൃത്യമായി അക്കൗണ്ട്സ് കീപ്പിംഗ് ചെയ്തിരിക്കണം അത് എത്ര ചെറിയ അമൗണ്ട് ആണെങ്കിലും. കൂടാതെ നാം എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം, വേണ്ട മാറ്റങ്ങൾ നടപ്പാക്കി കൊണ്ടിരിക്കണം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒന്നിനും വേണ്ടി കാത്തിരിക്കരുത്. ‘this is the moment’ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൃത്യമായ സമയം വരട്ടെ എന്നു കരുതി കാത്തിരുന്നാൽ ചിലപ്പോൾ കാത്തിരിപ്പ് മാത്രമേ ഉണ്ടാകൂ.

കൂടുതൽ അറിയാൻ:

http://www.sahyagri.com/

Back to top button