Auto
Trending

മാരുതി വാഹനങ്ങളിലേക്ക് ഡീസല്‍ എന്‍ജിന്‍ തിരിച്ചെത്തുന്നു

ഡീസൽ എൻജിനുകളോട് പൂർണമായും വിട പറഞ്ഞ് പെട്രോൾ എൻജിനുകളിൽ മാത്രം വാഹനം എത്തിക്കുമെന്നുള്ളത് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വിപ്ലവകരമായ തീരുമാനമായിരുന്നു.2020 ഏപ്രിലിന് ശേഷം പെട്രോൾ എൻജിൻ വാഹനങ്ങൾ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചിരുന്നത്.എന്നാൽ, ഡീസൽ എൻജിൻ ഉപേക്ഷിച്ച തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് മാരുതി എന്നാണ് പുതിയ റിപ്പോർട്ട്.ഇതിന്റെ ഭാഗമായി ബി.എസ്.6 നിലവാരത്തിലുള്ള 1.5 ലിറ്റർ ഡീസൽ എൻജിനാണ് മാരുതി വികസിപ്പിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം എം.പി.വി. വാഹനമായ XL6-ൽ ആയിരിക്കും ഈ ഡീസൽ എൻജിൻ ആദ്യം നൽകുകയെന്നാണ് സൂചന. 2022 ആദ്യം ഡീസൽ എൻജിൻ XL6 നിരത്തുകളിൽ എത്തുമെന്നും ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു.


മാരുതിയുടെ ഹരിയാനയിലെ മനേസർ പ്ലാന്റിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഡീസൽ എൻജിന്റെ നിർമാണം പുരോഗമിക്കുന്നതായും മാരുതി അറിയിച്ചിട്ടുണ്ട്. മാരുതി XL6-ന് പിന്നാലെ കോംപാക്ട് എസ്.യു.വി. മോഡലായ വിത്താര ബ്രെസ, എം.പി.വി. മോഡൽ എർട്ടിഗ, പ്രീമിയം സെഡാൻ വാഹനമായ സിയാസ് എന്നിവയിലും ഡീസൽ എൻജിൻ നൽകുമെന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെ സാധ്യതകൾ പരിഗണിച്ചാണ് വീണ്ടും ബി.എസ്.6 മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുകൾ തിരിച്ചെത്തിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, ബലേനൊ, ഡിസയർ പോലെയുള്ള ചെറുകാറുകളിൽ ഡീസൽ എൻജിനുകൾ നൽകാനിടയില്ലെന്നുമാണ് വിലയിരുത്തലുകൾ. സുസുക്കിയിൽ നിന്ന് വികസിപ്പിച്ച 1.5 ലിറ്റർ ഡീസൽ എൻജിനാണ് മുമ്പ് എർട്ടിഗ, സിയാസ് വാഹനങ്ങൾക്ക് കരുത്തേകിയിരുന്നത്.മുമ്പ് സിയാസ്, എർട്ടിഗ എന്നീ മോഡലുകളിൽ നൽകിയിരുന്ന മാരുതിയുടെ 1.5 ലിറ്റർ ബി.എസ്-4 ഡീസൽ എൻജിൻ 104 ബി.എച്ച്.പി. പവറും 225 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ബി.എസ്-6 നിലവാരത്തിലൊരുങ്ങുന്ന എൻജിനും ഇതേ കരുത്തായിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് നിഗമനം.

Related Articles

Back to top button