
ഓൺലൈനിലെ വമ്പൻ ചതികുഴികളായി മാറുകയാണ് റമ്മി കളി. ഇത്തരത്തിൽ ചൂതാട്ടത്തിനിറങ്ങിയവർക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. പണമുണ്ടാക്കാൻ എളുപ്പവഴി എന്ന രൂപത്തിലാണ് ലോക്ഡോൺ കാലത്ത് ഓൺലൈൻ റമ്മി ആപ്പുകൾ സജീവമായത്.

ഓൺലൈൻ റമ്മി കൾച്ചർ, റമ്മി ഗുരു, റമ്മി സർക്കിൾ, റമ്മി പാഷൻ, സിൽക്ക് റമ്മി തുടങ്ങിയ ആപ്പുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ആപ്പുകൾ ലഭിക്കുന്ന 13 കാർഡുകൾ ഉപയോഗിച്ചാണ് ഗെയിം കളിക്കുന്നത്. ഗെയിമിന്റെ വാലറ്റിൽ പണം അയയ്ക്കണം. 200 രൂപയ്ക്കും 500 രൂപയ്ക്കുമെല്ലാം കളി ജയിക്കുമ്പോൾ കളിക്കാർ കൂടുതൽ പണമിറക്കാൻ തുടങ്ങും. പണം നഷ്ടമാകുമ്പോൾ 500 ഉം 1000ഉം ബോണസായി നൽകി കാളി തുടരാൻ പ്രേരിപ്പിക്കും. വലിയ തുകയ്ക്ക് കളിക്കുമ്പോൾ കാർഡുകൾ നൽകാതിരിക്കുകയും തിരിമറി നടത്തുകയും ചെയ്യും. 1960-ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണം കൊണ്ടുള്ള ചൂതാട്ടങ്ങളും ഗെയിമുകളും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ ആക്ടിന് കീഴിൽ കഴിവും ബുദ്ധിശക്തിയും ആവശ്യമുള്ള ഗെയിമുകൾ ഉൾപ്പെടെ ഇല്ലെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഗണത്തിലാണ് റമ്മി ഗെയിം ഉൾപ്പെടുന്നത്.അതുകൊണ്ട് ഈ ഓൺലൈൻ ചൂതാട്ടത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് പറയുന്നു.തമിഴ്നാട്ടിൽ മാത്രം 17 പേരാണ് ഈ കളിക്കൊടുവിൽ ജീവനൊടുക്കിയത്. കേരളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തിരുവനന്തപുരം കാട്ടാക്കട കുറ്റി ചാലിലെ വിനീതിന്റെ മരണം.