
വിദേശ വിപണിയും ആഭ്യന്തരവിപണിയും അനുകൂലമായതോടെ റബ്ബർ വിലയിൽ വൻ ഉണർവ്. കഴിഞ്ഞ ദിവസം 157 രൂപയിലെത്തിയ റബ്ബർ വില അതേ വിലനിലവാരത്തിൽ തുടരുകയാണ്. റബ്ബർ ലാറ്റക്സിന്റെ വിലയും കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ചൈനീസ് പുതുവർഷത്തിനു ശേഷമുള്ള ദിവസങ്ങൾ റബർ വില വീണ്ടും ഉയരാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റബ്ബർ ബോർഡ് ചെയർമാൻ കെ.എൻ രാഘവൻ പറഞ്ഞു.

വിദേശരാജ്യങ്ങളിൽ നിന്ന് റബർ വാങ്ങിയിരുന്ന ഇന്ത്യൻ കമ്പനികൾ കോവിഡ് പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ ഇന്ത്യൻ റബ്ബർ വാങ്ങാനാരംഭിച്ചു. രാജ്യാന്തര റബ്ബർ വിതരണ ശൃംഖലയിൽ വന്ന തകർച്ചയാണ് കമ്പനികൾ ഇന്ത്യൻ റബ്ബറിലേക്ക് തിരിയാൻ പ്രധാന കാരണമായത്. ഇന്ത്യൻ റബ്ബർ ഉല്പാദനം വർധിച്ചതും ഗുണനിലവാരം മെച്ചപ്പെട്ടതും കമ്പനികളുടെ വിശ്വാസം നേടാനും ഇടയാക്കി. കൂടാതെ വാഹന വിപണിയിൽ ഉണർവുണ്ടായതും റബർ മേഖലയ്ക്ക് ഗുണം ചെയ്തു.