
റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാരുടെയും ബുള്ളറ്റ് പ്രേമികളുടെയും സംഗമ വേദിയാണ് എല്ലാ വര്‍ഷവും ഗോവയില്‍ നടക്കാറുള്ള റൈഡര്‍ മാനിയ. റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന സൂപ്പര്‍ മീറ്റിയോര്‍ 650-യുടെ ഇന്ത്യ പ്രവേശനവും ഈ വേദിയിലായിരുന്നു.റൈഡര്‍ മാനിയയില്‍ ഈ വാഹനം പ്രദര്‍ശനത്തിനെത്തിച്ചെങ്കിലും 2023-ന്റെ തുടക്കത്തിലായിരിക്കും ഇത് വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലാണ് സൂപ്പര്‍ മീറ്റിയോര്‍ 650. റെഗുലര്‍ മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി ട്വിന്‍ എക്സ്ഹോസ്റ്റ്, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, നാവിഗേഷന്‍ സിസ്റ്റത്തിന്റെ അകമ്പടിയോടെ പുതുക്കി ഡിസൈന്‍ ചെയ്തിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള പുതുമകളാണ്.താഴ്ന്നിരിക്കുന്ന സീറ്റുകളും ഉയരത്തില്‍ നല്‍കിയിട്ടുള്ള ഹാന്‍ഡില്‍ ബാറും ഫോര്‍വേഡ് ഫുട്ട് സ്റ്റെപ്പും ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള റൈഡിങ്ങാണ് ഒരുക്കുന്നത്. ഉയര്‍ന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റി നല്‍കുന്നതിനായി കുറഞ്ഞ സെന്റര്‍ ഗ്രാവിറ്റിയിലുള്ള പുതിയ ഷാസിയാണ് സൂപ്പര്‍ മീറ്റിയോര്‍ 650 നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകളില്‍ കരുത്തേകിയിരുന്ന എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ മീറ്റിയോര്‍ 650-ലും പ്രവര്‍ത്തിക്കുന്നത്. 648 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.