
ഇന്ത്യയിയും വിദേശത്തും താരമായി കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനമാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350. ഈ ഈ ക്രൂയിസർ ബൈക്ക് അമേരിക്കയിലും കാനഡയിലുമെത്തുകയാണ്. നോർത്ത് അമേരിക്കയിലാണ് ഈ വാഹനം ആദ്യമെത്തിക്കുന്നത്. 4400 ഡോളർ (ഏകദേശം 3.30 ലക്ഷം രൂപ) ആണ് അമേരിക്കയിലെ വില. കാനഡയിലെ വില വൈകാതെ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.ഇന്ത്യയിൽ എത്തിയിട്ടുള്ള മീറ്റിയോർ തന്നെയായിരിക്കും റോയൽ എൻഫീൽഡ് അമേരിക്കയിലും കാനഡയിലുമെത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആഗോള ഉത്പന്നമായാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 അവതരിപ്പിച്ചിട്ടുള്ളത്.

പുതിയ ഡ്യുവൽ ഡൗൺട്യൂബ് ഫ്രെയിമിലാണ് മീറ്റിയോർ 350 ഒരുങ്ങിയിരിക്കുന്നത്. റോയൽ എൻഫീൽഡ് ബൈക്കുകളുടെ പ്രധാന പോരായ്മയായിരുന്ന വിറയൽ കുറയ്ക്കാനുള്ള സംവിധാനത്തിനൊപ്പം മെച്ചപ്പെട്ട പ്രകടനം നൽകുന്ന പ്രൈമറി ബാലൻസർ ഷാഫ്റ്റുള്ള 349 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എസ്.ഒ.എച്ച്.സി എൻജിനാണ് മീറ്റിയോറിലുള്ളത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എൻ.എം ടോർക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ.സെമി ഡിജിറ്റൽ ഡ്യുവൽ പോഡ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ട്രിപ്പർ നാവിഗേഷൻ ഫീച്ചറുകൾ എല്ലാ വേരിയന്റിലുമുണ്ട്. മുന്നിൽ 41 എം.എം ടെലിസ്കോപിക് ഫോർക്കും പിന്നിൽ ട്വിൻ ട്യൂബ് ഷോക്ക് അബ്സോർബറുമാണ് സുഖയാത്ര ഒരുക്കുന്നത്. ഡ്യുവൽ ചാനൽ എ.ബി.എസിനൊപ്പം ട്വിൻ പിസ്റ്റൺ ഫ്ളോട്ടിങ്ങ് കാലിപ്പേർസുള്ള 300 എം.എം ഡിസ്ക് മുന്നിലും 270 എം.എം ഡിസ്ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ച് വലിപ്പമുള്ളതുമായ ടയറുകളാണ് നൽകിയിട്ടുള്ളത്.ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ച മീറ്റിയോർ 350 ഏറെ വൈകാതെ തന്നെ വിദേശ രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കുകയായിരുന്നു.