
ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡിന്റെ ആദ്യ വാഹനം അടുത്ത വർഷമെത്തും. ഓല ഇലക്ട്രക്കിന്റെ മുൻ സിടിഒ (ചീഫ് ടെക്നിക്കൽ ഓഫിസർ) ഉമേഷ് കൃഷ്ണപ്പ റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമാണ് എന്നും റിപ്പോർട്ടുകളുണ്ട്. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികൾക്കായി 150 ദശലക്ഷം ഡോളർ റോയൽ എൻഫീൽഡ് നിക്ഷേപിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ പ്രൊട്ടോടൈപ്പും അടുത്ത വർഷം ആദ്യം പ്രൊഡക്‌ഷൻ പതിപ്പും പുറത്തിറക്കാനാണ് പദ്ധതി. നേരത്തേ യൂറോപ്യൻ ഇലക്ട്രിക് ബൈക്ക് കമ്പനിയായ സ്റ്റാർക് ഫ്യൂച്ചർ എസ്‍എലിന്റെ 10.35 ശതമാനം ഓഹരി റോയൽ എൻഫീൽഡ് സ്വന്തമാക്കിയിരുന്നു.