Tech
Trending

ഗൂഗിള്‍ ട്രെന്‍ഡ്‌സിന് 15 വയസ്

സെർച്ച് എൻജിനുകളിൽ ഏറ്റവും ജനപ്രീതി നേടിയ ഗൂഗിളിലെ തിരയൽ പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ 2006 മെയ് മാസത്തിൽ ഗൂഗിൾ തുടങ്ങിയ സേവനമാണ് ഗൂഗിൾ ട്രെൻഡ്സ്. ഈ വർഷം പതിനഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് ഗൂഗിൾ ട്രെൻഡ്സ്.നിശ്ചിത കാലയളവുകളിൽ ലോകത്തെ വിവിധ മേഖലകളിലുള്ള ആളുകളുടെ ഗൂഗിളിലെ തിരയൽ പ്രവണതകളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഈ സേവനം ബിസിനസ് ലോകത്തിന് വലിയ സാധ്യതകളാണ് തുറന്നു കാട്ടിയത്.


2006 മെയ് മാസത്തിലാണ് സേവനമാരംഭിച്ചതെങ്കിലും 2004 മുതൽക്കുള്ള തിരച്ചിൽ വിവരങ്ങൾ ട്രെൻഡ്സിൽ ലഭ്യമാണ്.വിവിധ വിഷയങ്ങളിലെ, വിവിധ മേഖലകളിലെ, വിവിധ കാലങ്ങളിലെ തിരച്ചിൽ പ്രവണത സംബന്ധിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്തി തങ്ങൾക്കനുകൂലമായ ബിസിനസ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ ബിസിനസ് ലോകത്തിന് ഈ സേവനം വളരെ ഉപകാരപ്പെട്ടു. ഇതു തന്നെയായിരുന്നു ഗൂഗിളിന്റെ ഉദ്ദേശ്യവും.ഒരു നിശ്ചിത കാലയളവിൽ ഗൂഗിളിൽ നടക്കുന്ന ആകെ തിരയലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രത്യേക പദം (Key word) എത്ര തവണ ഗൂഗിളിൽ തിരയപ്പെട്ടിട്ടുണ്ടെന്ന കണക്കുകൾ ആണ് ഗൂഗിൾ ട്രെൻഡ്സ് വഴിഉപയോക്താവിനു ലഭിക്കുന്നത്.ഗൂഗിളിലെ മൊത്തം തിരയൽ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ട്രെൻഡ്സ് ഡാറ്റ രൂപപ്പെടുത്തുന്നതെങ്കിലും ഓട്ടോമേറ്റഡ് സെർച്ച് പോലെയുള്ള കാര്യങ്ങൾ ഗൂഗിളിന് ഇക്കാര്യത്തിൽ തടസ്സമാവുന്നുണ്ട്. ഇത്തരം കാര്യങ്ങളും സെർച്ചിലെ തനി പകർപ്പുകളും വളരെ കുറച്ച് ആളുകൾ മാത്രം തിരയുന്ന വിവരങ്ങളും മറ്റും ഒഴിവാക്കി ട്രെൻഡ്സ് ഡാറ്റയോടെ പരമാവധി നീതി പുലർത്താൻ ഗൂഗിൾ ശ്രമിക്കുന്നുണ്ട്.ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ അഞ്ചു രാജ്യങ്ങളാണ് ബെൽജിയം, സൗത്ത് കൊറിയ, മൊറോക്കോ, ഇസ്രായേൽ, ഇന്തോനേഷ്യ. ഇന്ത്യക്കു പത്തൊൻപതാം സ്ഥാനമാണ്. പാകിസ്ഥാൻ നമ്മളെക്കാൾ മുന്നിൽ പത്താം സ്ഥാനത്തുണ്ട്.ദേശീയതലത്തിൽ നോക്കുമ്പോൾ സംസ്ഥാനങ്ങളിൽ കേരളം ആണ് ഗൂഗിൾ ട്രെൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. തിരുവന്തപുരവും കൊച്ചിയും ആണ് ഇതിൽ മുന്നിൽ. ടെക്നോപാർക്കിന്റെയും ഇൻഫോപാർക്കിന്റെയും സാന്നിദ്ധ്യം ഇതിന് പിന്തുണയേകുന്നുണ്ടാവാം.

Related Articles

Back to top button