
ഡാറ്റയും കോളും സൗജന്യമായി നൽകി രാജ്യത്തെ ടെലികോം മേഖല ടെലികോം മേഖല കീഴടക്കിയതിനു പിന്നാലെ ഇ-കൊമേഴ്സ് മേഖലയും കീഴടക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി. ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണിൽ മുൻനിര ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ടിനേയും ആമസോണിനേയും നേരിടാൻ തയ്യാറെടുക്കുകയാണ് റിലയൻസിന്റെ റീട്ടെയിൽ വെബ്സൈറ്റുകൾ. ജിയോ മാർട്ടും ജിയോ ഡിജിറ്റലും ഇതിനായി സജ്ജമായി കഴിഞ്ഞു.

2026 ഓടെ രാജ്യത്ത് 200 ബില്യൺ ഡോളറിന്റെ ഇ-കൊമേഴ്സ് വ്യാപാരമുണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തലുകൾ. ഈ സാഹചര്യത്തിലാണ് പുത്തൻ വ്യാപാര തന്ത്രവുമായി റിലയൻസ് മുന്നോട്ടുപോകുന്നത്. മത്സരത്തിന്റെ ഭാഗമായി സുഗന്ധ വ്യഞ്ജനങ്ങൾക്ക് 50 ശതമാനം വരെയുള്ള കിഴിവാണ് ജിയോ മാട്ടിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. സമാനമായി സാംസങ്ങിന്റെ മുന്തിയ ഇനം സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനത്തിലേറെ കിഴിവാണ് റിലയൻസ് ഡിജിറ്റൽ വെബ്സൈറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. എതിരാളികളായ ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ ഇതിനകംതന്നെ കടത്തിവെട്ടി കഴിഞ്ഞു റിലയൻസ്. റീട്ടെയിൽ ബിസിനസിലേക്ക് വൻതുകയുടെ നിക്ഷേപം സ്വീകരിക്കാനാണ് ഇപ്പോഴത്തെ അംബാനിയുടെ ശ്രമം. അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.