
ജിയോ പ്ലാറ്റ്ഫോംസ് പുതിയ ഷോർട്ട് വീഡിയോ ആപ്പ് ലോഞ്ച് ചെയ്തു. റോളിങ് സ്റ്റോൺ ഇന്ത്യ, ക്രിയേറ്റീവ്ലാന്റ് ഏഷ്യ എന്നിവയുമായി ചേർന്നാണ് ഇൻസ്റ്റാഗ്രാം റീൽസിന് സമാനമായ ഷോർട്ട് വീഡിയോ ആപ്പ് ജിയോ നിർമ്മിച്ചിരിക്കുന്നത്.ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവവും ക്രിയേറ്റർമാർക്ക് കൂടുതൽ പണവും ഉണ്ടാക്കാനുള്ള പ്ലാറ്റ്ഫോമായിട്ടാണ് പുതിയ ഷോർട്ട് വീഡിയോ ആപ്പ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.സോഷ്യൽമീഡിയ താരങ്ങൾക്കുള്ള മികച്ച പ്ലാറ്റ്ഫോമാണ് ജിയോ നിർമ്മിച്ചിരിക്കുന്നത് എന്നും ഓർഗാനിക്കായ ഗ്രോത്തും സ്റ്റെഡി മോണിട്ടൈസേഷനും നൽകുന്ന വിധത്തിലുള്ള ഒരു ഇക്കോ സിസ്റ്റമാണ് ആപ്പിൽ ഉണ്ടാവുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.ഗായകർ, അഭിനേതാക്കൾ, ഹാസ്യനടന്മാർ, നർത്തകർ, ഫാഷൻ ഡിസൈനർമാർ, മറ്റ് ക്രിയേറ്റർമാർ എന്നിവരുടെ കൂട്ടായ്മയാണ് പ്ലാറ്റ്ഫോമിൽ ഉണ്ടാവുകയെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.
ഷോർട്ട് വീഡിയോ ആപ്പിന്റെ ഇന്റർഫേസും മറ്റ് വിശദാംശങ്ങളും ജിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഷോർട്ട് വീഡിയോകൾ പോസ്റ്റുചെയ്യാനുള്ള പ്ലാറ്റ്ഫോം ഇൻസ്റ്റാഗ്രാം റീൽസുമായി ഏറെ സാമ്യമുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പക്ഷേ റീൽസിൽ നിന്നും വ്യത്യസ്തമായി ക്രിയേറ്റർമാർക്ക് കൂടുതൽ വളർച്ചയും പണം സമ്പാദിക്കാനുള്ള കൂടുതൽ ഓപ്ഷനുകളും നൽകാനാണ് ജിയോ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.ജിയോയുടെ ഷോർട്ട് വീഡിയോ ആപ്പിന്റെ ബീറ്റ പതിപ്പ് നിലവിൽ ലഭ്യമാണ്. ഈ ആപ്പിന്റെ സ്റ്റേബിൾ വേർഷൻ 2023 ജനുവരിയിൽ ആക്ടീവ് ആകും. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ ആപ്പിലേക്ക് എല്ലാവർക്കും ലോഗിൻ ചെയ്യാൻ കഴിയില്ല. ആദ്യം 100 അംഗങ്ങൾക്ക് മാത്രമേ ഒരു ഇൻവൈറ്റ് വഴി ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു.ഇവരുടെ പ്രൊഫൈലുകളിലെ ഗോൾഡൻ ടിക്ക് വെരിഫിക്കേഷൻ വഴി ഈ സ്ഥാപക അംഗങ്ങളെ വേർതിരിക്കുമെന്നും ജിയോ സ്ഥിരീകരിച്ചു.വീഡിയോകൾക്ക് ലഭിക്കുന്ന പ്രതികരണം അനുസരിച്ച് സിൽവർ, ബ്ലൂ, റെഡ് ടിക്ക് വേരിഫിക്കേഷനും പ്ലാറ്റ്ഫോമിൽ ഉണ്ടായിരിക്കുമെന്ന് ജിയോ അറിയിച്ചു.