
രാജ്യത്തെ ടെലികോം രംഗം അടക്കിവാഴുന്ന കമ്പനിയായ റിലയന്‍സ് ജിയോ പുതിയ ലാപ്ടോപ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ ലാപ്ടോപ് നിർമിക്കാന്‍ ജിയോ സഹകരിക്കുന്നത് മൊബൈല്‍ ഉപകരണങ്ങളും സോഫ്റ്റ്വെയറും ഉണ്ടാക്കുന്നതില്‍ പ്രശസ്തമായ ചൈനീസ് കമ്പനി ബ്ലൂബാങ്ക് കമ്യൂണിക്കേഷന്‍സ് ടെക്നോളജിയുമായാണ്. റിലയൻസ് ജിയോയുടെ പുത്തൻ ലാപ്ടോപായ ജിയോബുക്ക് അതിന്റെ എൻജിനീയറിങ് വാലിഡേഷന്‍ ടെസ്റ്റ് (ഇവിടി) ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും എക്സ്ഡിഎ പറയുന്നു.

ജിയോ നോട്ട്ബുക്കിന്റെ പ്രത്യേകതകളിലൊന്ന് സെല്ലുലാര്‍ കണക്ടിവിറ്റിയായിരിക്കും. ഈ ലാപ്ടോപ് വിന്ഡോസിലായിരിക്കില്ല പ്രവര്‍ത്തിക്കുകയെന്നും ജിയോബുക്കിന്റെ സ്ക്രീനിന് 1366×768 ഡിസ്പ്ലെ റസലൂഷനുണ്ടായിരിക്കുമെന്നും സൂചനയുണ്ട്.ഒപ്പം കീബോഡില്‍ വിന്‍ഡോസ് കീയ്ക്കു പകരം ഒരു സൂപ്പര്കീയായിരിക്കും ഉണ്ടായിരിക്കുക. സ്നാപ്ഡ്രാഗണ്‍ 665 പ്രോസസറില്‍ ആയിരിക്കാം പുതിയ ലാപ്ടോപ് പ്രവര്‍ത്തിക്കുക. എട്ടു കോറുള്ള, 11എന്‍എം പ്രോസസസ് ഉപയോഗിച്ചു നിര്‍മിച്ച ഇതിന് 2.0 ഗിഗാഹെട്സ് ക്ലോക് സ്പീഡായിരിക്കുമുള്ളത്. രണ്ടു മോഡലുകള്‍ പുറത്തിറക്കിയേക്കാം. ഒന്നിന് 2 ജിബി ഡിഡിആര്‍4 റാമും, രണ്ടാമത്തേതിന് 4ജിബി റാമുമായിരിക്കും ഉണ്ടായിരിക്കുക.ഇവയ്ക്ക് സ്റ്റോറേജ് ശേഷി യഥാക്രമം 32 ജിബി, 64 ജിബി ഇഎംഎംസി എന്നിങ്ങനെയായിരിക്കും.