
ജനുവരി ഒന്നു മുതൽ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്സ് കോളുകളും സൗജന്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം, ബിൽ ആൻഡ് കീപ്പ് ഭരണം ഇന്നുമുതൽ രാജ്യത്ത് നടപ്പാക്കുന്നു. ഇതുവഴി എല്ലാ ഇതര നെറ്റ്വർക്കുമായുള്ള ആഭ്യന്തര വോയ്സ് കോളുകളുടെ ഇൻറർകണക്ടഡ് യൂസർ ചാർജ്ജുകൾ (ഐയുസി) അവസാനിക്കും.

ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജനുവരി ഒന്നു മുതൽ എല്ലാ കോളുകളും സൗജന്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചത്. മുൻപ് ജിയോയ്ക്ക് ഉപഭോക്താക്കളിൽനിന്ന് ഓഫ്-നെറ്റ് വോയ്സ് കോളുകളുടെ ചാർജ് ഈടാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു.ട്രായ് ഐയുസി ചാർജ്ജുകൾ നിർത്തലാക്കുന്നതുവരെ മാത്രമേ ഈ ചാർജ് ഈടാക്കുന്നത് തുടരുവെന്ന് ജിയോ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകിയിരുന്നു. ഇന്ന് ജിയോ ഈ വാഗ്ദാനം പാലിക്കുകയും ഓഫ്-നെറ്റ് വോയ്സ് കോളുകൾ വീണ്ടും സൗജന്യമാക്കുകയും ചെയ്തു.