റിലയൻസ് ജിയോ ഡിസംബറോടെ കുറഞ്ഞ നിരക്കിലുള്ള 10 കോടി സ്മാർട്ഫോണുകൾ പുറത്തിറക്കും

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ( ആർ ഐ എൽ) ടെലക്കോം യൂണിറ്റ്- റിലയൻസ് ജിയോ ഡിസംബറോടെ കുറഞ്ഞ നിരക്കിലുള്ള 10 കോടി സ്മാർട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നു.
ഗൂഗിൾ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന അത്തരം മൊബൈൽഫോണുകളുടെ നിർമ്മാണം കരാർ ചെയ്യാൻ ടെലികോം പദ്ധതിയിടുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. ഡാറ്റാ പാക്കുകൾ ഉൾക്കൊള്ളുന്ന ഫോണുകൾ ഈ വർഷം ഡിസംബറോടെയോ അടുത്തവർഷം ജനുവരിയോടെയോ പുറത്തിറങ്ങും.

രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആർ ഐ എൽ ജൂലൈയിൽ ജിയോയിൽ ഗൂഗിളിന്റെ 4.5 ബില്യണിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. പുതുതായി രൂപകൽപ്പന ചെയ്യുന്ന കുറഞ്ഞ ചെലവിൽ 4ജി അല്ലെങ്കിൽ 5 ജി സ്മാർട്ട്ഫോൺ പവർ ചെയ്യുന്നതിനായി ഗൂഗിൾ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) നിർമ്മിക്കുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി പറഞ്ഞിരുന്നു.
1.52 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിനായി റിലയൻസ് അതിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളുടെ 33% വിറ്റിരുന്നു. കൂടാതെ ഫെയ്സ്ബുക്ക് ഇങ്ക്, ഇന്റൽ, ക്വാൽകോം എന്നിവ ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക, സാങ്കേതിക നിക്ഷേപകരുടെ പിന്തുണയും നേടിയിരുന്നു. ജിയോ പ്ലാറ്റ്ഫോമുകളിലെ 13 തന്ത്രപ്രധാന നിക്ഷേപകരിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത് ഫെയ്സ്ബുക്കാണ്. 9.9 ശതമാനം വരുന്ന 43574 കോടിയുടെ നിക്ഷേപമാണ് അവരുടേത്.