
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയർടെലും 5ജി തുടങ്ങിയെന്ന് റിപ്പോർട്ട്.5ജിയുടെ പ്രാഥമിക പരീക്ഷണങ്ങൾ തുടങ്ങിയെന്ന് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇരു കമ്പനികൾക്കും ഇന്ത്യയിൽ 5ജി ടവറുകളുണ്ടെന്നാണ് ഓക്‌ലയുടെ മാപ്പിൽ കാണിക്കുന്നത്.

5ജിക്ക് വേണ്ട സ്പെക്ട്രം ലേലം നടന്നാൽ രണ്ട് കമ്പനികളും അതിവേഗം 5ജി അവതരിപ്പിച്ചേക്കും. എന്നാൽ, സ്പെക്ട്രം ലേലത്തിനു മുൻപെ തന്നെ എയർടെലും ജിയോയും 5ജി ടവറുകൾ സ്ഥാപിച്ചതായി ഓക്‌ലയുടെ 5ജി മാപ്പിൽ കാണിക്കുന്നു. ജിയോയുടെ 5ജി ടവർ മുംബൈയിലാണ് കാണിക്കുന്നതെങ്കിൽ എയർടെല്ലിന്റെ ടവർ ഹൈദരാബാദിലാണ്. ഈ ടവറുകൾ ‘പ്രീ-റിലീസ്’ വിഭാഗത്തിലാണ് ഓക്‌ല ഉൾപ്പെടുത്തിയിരിക്കുന്നത്.ലോകമെമ്പാടും ഇപ്പോൾ മൊത്തം 21,996 5ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഓക്‌ലയുടെ 5ജി മാപ്പ് സൂചിപ്പിക്കുന്നു. 35 ലധികം രാജ്യങ്ങളിൽ 5ജി നിലവിലുണ്ട്.ഇന്ത്യയിൽ 2022 പകുതിയോടെ 5ജി കൊണ്ടുവരാനാകുമെന്നാണ് എയർടെൽ പറയുന്നത്. എന്നാൽ, ഈ വർഷം പകുതിയോടെ തന്നെ രാജ്യത്ത് 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്നാണ് മുകേഷ് അംബാനിയുടെ ജിയോ അറിയിച്ചത്. 5ജി നെറ്റ്‌വർക്ക് സജ്ജമാണെന്ന് ജനുവരിയിൽ തന്നെ ഭാരതി എയർടെലും അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്നത് പരീക്ഷണങ്ങളാണെന്നും സാധാരണക്കാർക്ക് ലഭിക്കാൻ ഇനിയും കാത്തിരിക്കണമെന്നുമാണ് ഇരുകമ്പനികളും പറഞ്ഞത്.