
ഇക്കഴിഞ്ഞ ഡിസംബറിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1,15,174 കോടി രൂപ. ഏറ്റവും ഉയർന്ന പ്രതിമാസ ജിഎസ്ടി വരുമാനമാണിത്. വിപണിയിലെ സ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം ജിഎസ്ടി തട്ടിപ്പുകൾ തടയാനെടുത്ത നടപടികളാണ് കഴിഞ്ഞ മാസത്തെ റെക്കോർഡ് വരുമാനത്തിന് കാരണമായതെന്ന് ധനമന്ത്രാലയം പറയുന്നു. 2019 ഏപ്രിലിലെ 1,13,886 കോടി രൂപയാണ് ഇതിനു മുൻപ് ലഭിച്ച ഏറ്റവും ഉയർന്ന ജിഎസ്ടി വരുമാനം.

ഇക്കഴിഞ്ഞ മൂന്നുമാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരുന്നു. മൊത്തം ജിഎസ്ടി വരുമാനത്തിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ലഭിച്ചതിനേക്കാൾ 12 ശതമാനത്തിന്റെ വർധനയാണ് ഇക്കഴിഞ്ഞ ഡിസംബറിലുണ്ടായത്.സിജിഎസ്ടി ഇനത്തിൽ 21,365 കോടി രൂപ, എസ്ജിഎസ്ടി ഇനത്തിൽ 27,084 കോടി രൂപ,ഐജിഎസ്ടി ഇനത്തിൽ 57,426 കോടി രൂപ,സെസ് 8,579 കോടി രൂപ എന്നിങ്ങനെയാണ് ഇക്കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം. കേരളത്തിൻറെ ജിഎസ്ടി വരുമാനത്തിൽ 8 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 2019 ഡിസംബറിൽ1,651 കോടി രൂപയായിരുന്നത് ഇക്കഴിഞ്ഞ ഡിസംബറിൽ 1,776 കോടി രൂപയായി ഉയർന്നു.