Tech
Trending

സൊമാറ്റോ 225 നഗരങ്ങളിൽ ഡെലിവറി സേവനം അവസാനിപ്പിച്ചേക്കും

ഫുഡ് ഡെലിവറി ടെക് കമ്പനി സൊമാറ്റോയുടെ നഷ്ടം വർധിച്ചതായി അതിന്റെ മൂന്നാം പാദ സാമ്പത്തിക വരുമാന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചില നഗരങ്ങളിലെ പ്രകടനം പ്രോത്സാഹജനകമല്ല എന്നതിനാൽ 225 ചെറിയ നഗരങ്ങളിലെ പ്രവർത്തനം അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചു.ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത ഓർഡർ മൂല്യത്തിന്റെ 0.3% മാത്രം സംഭാവന ചെയ്ത നഗരങ്ങളിലാണ് ഡെലിവറി നിർത്തുന്നത്.അതേസമയം, ഏതൊക്കെ നഗരങ്ങളിലാണ് സേവനം അവസാനിപ്പിച്ചത് എന്ന് വ്യക്തമല്ല.ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി വ്യാഴാഴ്ച പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച്, അതിന്റെ ഏകീകൃത വരുമാനം ഒക്ടോബർ-ഡിസംബർ പാദത്തിൽ 75% വർധിച്ച് 1,948 കോടി രൂപയായി. കമ്പനിയുടെ നഷ്ടം അഞ്ച് മടങ്ങ് ഉയർന്ന് 346 കോടി രൂപയായി. ക്വിക്ക്-കൊമേഴ്‌സ് ബിസിനസ്സ് ബ്ലിങ്കിറ്റിന്റെയും ബിസിനസ്സ്-ടു-ബിസിനസ് വെർട്ടിക്കൽ ഹൈപ്പർപ്യൂറിന്റെയും കണക്കുകളും ഇതിൽ ഉൾപ്പെടുന്നു.ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. ലാഭം വർധിപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ അടുത്തിടെ സൊമാറ്റോ അതിന്റെ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷൻ വീണ്ടും സമാരംഭിച്ചിരുന്നു. ഏകദേശം 800 റോളുകളിലേക്ക് ആളുകളെ നിയമിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 225 ചെറു നഗരങ്ങളിൽ നിന്ന് പിന്മാറാനുള്ള കമ്പനിയുടെ തീരുമാനം.ചിലവ് കുറയ്ക്കാൻ സ്വിഗി അടക്കമുള്ള കമ്പനികൾ ആളുകളെ പിരിച്ചുവിടുന്ന സമയത്ത്, സൊമാറ്റോ 800 ഓളം റോളുകളിലേക്ക് പുതിയ ആളുകളെ നിയമിക്കാൻ നോക്കുകയാണെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഇത്തരം ജോലികൾ അന്വേഷിക്കുന്ന തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു.

Related Articles

Back to top button