
റിയൽമിയുടെ പുത്തൻ സ്മാർട്ട് വാച്ചായ റിയൽമി വാച്ച് എസ് നവംബർ 2 ന് അനാച്ഛാദനം ചെയ്യും. കമ്പനി മുൻപ് അവതരിപ്പിച്ച സ്മാർട്ട് വാച്ചിൽ നൽകിയിരുന്ന സ്ക്വയർ ഡിസ്പ്ലേയ്ക്ക് പകരം ഒരു റൗണ്ട് സ്ക്രീനുമായാണ് പുത്തൻ വാച്ച് വിപണിയിലെത്തുക. വാച്ചിനെ ആദ്യ ചിത്രങ്ങൾ കമ്പനി ട്വിറ്ററിലൂടെ പുറത്തുവിട്ടു.1.35 ഇഞ്ച് ഓട്ടോ ബ്രൈറ്റ്നെസ്സ് സർക്കുലർ ഡിസ്പ്ലേയാണ് വാച്ചിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം 15 ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകുന്ന ബാറ്ററിയും ഇതിൽ പാക്ക് ചെയ്തിട്ടുണ്ട്.

അടുത്തിടെ വിപണിയിലെത്തിച്ച ആപ്പിൾ വാച്ച് സീരീസ് 6 ന് സമാനമായ ഹൃദയമിടിപ്പും രക്ത ഓക്സിജന്റെ അളവും അളക്കുന്ന സെൻസറാണ് വാച്ചിൽ നൽകിയിരിക്കുന്നത്. 16 സ്പോട്ട് മോഡലുകളുമായാണ് ഇത് വിപണിയിലെത്തുക. കമ്പനി മുൻപ് അവതരിപ്പിച്ച സ്മാർട്ട് വാച്ചിന് 3,299 രൂപയായിരുന്നു വില. എന്നാൽ വാച്ച് എസിന്റെ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതിനാലും വൃത്താകൃതിയിൽ നൽകിയിരിക്കുന്ന ഫീച്ചർ സെറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്നതിനാലും വാച്ചിന്റെ വില പതിനായിരം രൂപയോടടുക്കാൻ സാധ്യതയുണ്ട്.