
കേന്ദ്ര സർക്കാറിന് 2021-22 സാമ്പത്തികവർഷത്തെ ലാഭവിഹിത മിച്ചമായി റിസർവ് ബാങ്ക് 30,307 കോടി രൂപ നൽകും. അടിയന്തര കരുതൽ ധനം 5.50 ശതമാനമായി നിലനിർത്താനും തീരുമാനിച്ചു.മേയ് 20ലെ ആർ.ബി.ഐ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗമാണ് ലാഭവിഹിത മിച്ചം സർക്കാറിന് കൈമാറുന്നതിന് അംഗീകാരം നൽകിയത്. യുക്രെയ്ൻ യുദ്ധം, ആഗോള സാമ്പത്തിക സമ്മർദം എന്നിവ കാരണം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഞെരുക്കത്തിലായ സാഹചര്യത്തിലാണിത്.സർക്കാർ പ്രതീക്ഷിച്ചിരുന്ന തുകയേക്കാൾ കുറവാണിത്.2022ലെ ബജറ്റിൽ 2023 സാമ്പത്തിക വർഷം റിസർവ് ബാങ്കിൽനിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും ലാഭവിഹിത ഇനത്തിൽ 73,948 കോടി രൂപ ലഭിക്കുമെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. കഴിഞ്ഞവർഷം കേന്ദ്രത്തിന് ലഭിച്ച 1.01 ലക്ഷം കോടി രൂപയേക്കാൾ 27 ശതമാനം കുറവാണിത്. 99,122 കോടി രൂപയാണ് അന്ന് ആർ.ബി.ഐ സംഭാവന ചെയ്തത്. 12 മാസ സാമ്പത്തിക വർഷത്തേതാണ് 30,307 കോടി രൂപ മിച്ചം. 2020ൽ റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷത്തെ സർക്കാറിന്റെ സാമ്പത്തിക വർഷവുമായി ഒരുമിപ്പിക്കാൻ തീരുമാനിച്ചിരുന്നു.ജൂലൈ-ജൂൺ എന്നതിൽനിന്ന് ഏപ്രിൽ-മാർച്ച് എന്നതിലേക്ക് മാറ്റി.