
പണപ്പെരുപ്പം പിടിച്ചു നിർത്താൻ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളോടൊപ്പം റിസര്‍വ് ബാങ്കും കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും പ്രഖ്യാപിച്ചേക്കും. സെപ്റ്റംബര്‍ 30നുള്ള പണവായ്പാ നയത്തില്‍ 0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 35 ബേസിസ് പോയന്റ് മുതല്‍ 60 ബേസിസ് പോയന്റുവരെ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.യുഎസിലെ നിരക്ക് വര്‍ധനവിനെതുടര്‍ന്ന് ട്രഷറി ആദായത്തിലുണ്ടായ വര്‍ധനമൂലം രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പുറത്തേയ്ക്കുപോകാനിടയുണ്ടെന്ന ഭീതിയില്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തുകയുംചെയ്തു. കൂടാതെ മൂന്നു വര്‍ഷത്തിനിടെ ഇതാദ്യമായി ബാങ്കിങ് സംവിധാനത്തില്‍ പണ ദൗര്‍ലബ്യമുണ്ടായതിനാല്‍ ഇക്കാര്യത്തില്‍ പരിഹാരംകാണേണ്ട ദൗത്യവും ആര്‍ബിഐയ്ക്കുണ്ട്. 50,000 കോടി രൂപയാണ് കേന്ദ്ര ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നല്‍കിയത്.