
രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ വളർച്ച അളക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) പുത്തൻ സൂചിക ആവിഷ്കരിച്ചു. ഡിജിറ്റൽ പെയ്മെൻറ് ഇൻഡക്സ് (ഡിപിഐ) എന്നാണ് ഇതിനു നാമകരണം ചെയ്തിരിക്കുന്നത്.

2018 മാർച്ചിൽ 100 എന്ന് നിശ്ചയിച്ചാണ് തുടർന്നുള്ള വളർച്ച അളക്കുന്നത്. ഡിജിറ്റൽ പെയ്മെൻറ് ഇൻഡക്സ് 2019 മാർച്ചിൽ 153.47, 2020 മാർച്ചിൽ 207.84 എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് പറയുന്നു. ഈ വർഷം മാർച്ച് മുതൽ വർഷത്തിൽ രണ്ടു തവണ വീതം സൂചിക പുറത്തിറക്കാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുടെയും മൂല്യത്തിന്റേയും വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് സൂചിക രേഖപ്പെടുത്തുന്നത്.