Tech
Trending

BharOS പരീക്ഷിച്ച് കേന്ദ്രമന്ത്രിമാർ

മദ്രാസ് ഐഐടി തദ്ദേശീയമായി വികസിപ്പിച്ച് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് (BharOS) കേന്ദ്ര ഐടി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ പരീക്ഷിച്ചു. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു. ഭരോസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഐടി മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഊന്നൽ കൊടുക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ദിവസങ്ങൾക്ക് മുമ്പ് മദ്രാസ് ഐഐടി ഭരോസ് അവതരിപ്പിച്ചത്. നിലവിൽ വിപണിയിലുള്ള സ്മാര്‍ട്ഫോണുകളിൽ ഉപയോഗത്തിലുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓഎസിനും ആപ്പിളിന്റെ ഐഒഎസിനും പകരമായി സ്മാർട്ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ആണിത്. പ്രധാനമായും സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതുമേഖല സംവിധാനങ്ങളിലും ഉപയോഗിക്കുന്നതിനുവേണ്ടിയാണിത് തയ്യാറാക്കിയത്. വിദേശ നിർമിത ഓപ്പറേറ്റിങ് സിസ്റ്റവും സ്മാർട്ഫോണുകളും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് പ്രചാരം നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് വികസിപ്പിക്കപ്പെട്ടത്. നിലവിൽ ഭരോസിന്റെ സേവനങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാവില്ല. പകരം അതീവ സ്വകാര്യതയും സുരക്ഷയും ആവശ്യമായി വരുന്ന സ്ഥാപനങ്ങൾക്കും അതീവ രഹസ്യാത്മകതയുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നവരും നിയന്ത്രിത ആപ്പുകൾ വഴി രഹസ്യ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നവരുമായ ഉപഭോക്താക്കൾക്കുമാണ് ഭരോസിന്റെ സേവനം ലഭിക്കുക. ഈ ഉപഭോക്താക്കൾക്ക് സ്വകാര്യ 5ജി നെറ്റ് വർക്കിൽ പ്രൈവറ്റ് ക്ലൗഡ് സർവീസ് ആക്സസ് ഉണ്ടായിരിക്കണം. ജാൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഭരോസ് വികസിപ്പിച്ചത്.

Related Articles

Back to top button