Big B
Trending

2000 രൂപയുടെ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും: ശക്തികാന്ത ദാസ്

രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചെങ്കിലും നിയമ പ്രാബല്യം തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടർന്ന് വേഗത്തില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കുന്നതിനാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്. ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിന്‍വലിച്ചത്. അതേസമയം, ഇത് നോട്ട് നിരോധനമല്ലെന്നും നിയമപരമായ സാധുത 2000 രൂപയുടെ നോട്ടിന് തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാന്‍ സെപ്റ്റംബര്‍ 30 ആണ് അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ കണക്കനുസരിച്ചാകും സമയപരിധി നീട്ടുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുക. മിക്കവാറും ബാങ്കുകള്‍ എടിഎമില്‍ ക്രമീകരണം വരുത്തിയിട്ടുള്ളതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ഇനി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.

Related Articles

Back to top button