
എടിഎം വഴി നടക്കുന്ന അനധികൃത ഇടപാടുകൾ തടയാനും ഇടപാടുകളുടെ എണ്ണം കുറയ്ക്കാനും ഡിസംബർ ഒന്നുമുതൽ പഞ്ചാബ് നാഷണൽ ബാങ്കും ( പിഎൻബി) ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ്. സമീപകാലത്തായി സ്കിംഡ്, ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തിയ നിരവധി കേസുകൾ മിക്ക സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ മാറ്റം. ഈ സംവിധാനം എസ്ബിഐ നേരത്തെതന്നെ നടപ്പാക്കിയിരുന്നു.

പുതിയ സംവിധാനം വരുന്നതോടെ ഡിസംബർ ഒന്നുമുതൽ പിഎൻബി അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ആദ്യം അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. കാർഡമം പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ എടിഎം സ്ക്രീനിൽ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രത്യക്ഷപ്പെടും. പണം പിൻവലിക്കുന്നതിന് ഉപഭോക്താവ് മൊബൈൽ നമ്പർ ലഭിച്ച ഒടിപി സ്ക്രീനിൽ ടൈപ്പ് ചെയ്യണം. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി മാത്രമേ ഉപഭോക്താക്കൾക്ക് ഒടിപി ലഭിക്കൂ എന്നത് സുരക്ഷ വർദ്ധിപ്പിക്കും. നിലവിൽ ഉപഭോക്താക്കൾക്ക് രാത്രി എട്ട് മുതൽ രാവിലെ എട്ടു വരെ 10000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ നിബന്ധനകളില്ല. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ മറ്റ് എടിഎമ്മുകളിൽനിന്ന് പിഎൻബി കാർഡ് ഉപയോഗിച്ച് രാത്രിസമയങ്ങളിൽ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ ശ്രമിച്ചാൽ ഒടിപി ലഭിക്കില്ല.