
ഇന്ത്യയിൽ കൂടുതൽ ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയുംചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിരോധനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇൻഫോർമേഷൻ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പു പ്രകാരമാണ് മൊബൈൽ ഗെയിമായ പബ്ജി ഉൾപ്പെടെ നിരോധിച്ചതെന്ന് ഇലക്ട്രോണിക് ആൻഡ് ടെക്നോളജി മന്ത്രാലയം പറഞ്ഞു. പ്രമുഖ ഗെയിം ആപ്പായ പബ്ജിക്കു പുറമെ കാംകാർഡ്, ബയ്ഡു, പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ആപ്പ് ലോക്ക്, ബ്യൂട്ടി ക്യാമറ പ്ലസ്,കട് കട് തുടങ്ങിയവയും നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുൾപ്പെടു ന്നു .
നിലവിൽ പബ്ജി ഗെയിം കളിക്കുന്ന 33 മില്യൺ ജനങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ രാജ്യത്തിനകത്തെ കോടാനുകോടി മൊബൈൽ ഇൻറർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയാണ് പുതിയ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐടി മന്ത്രാലയവും ചേർന്നു നടത്തിയ ആപ്പുകളുടെ വിവരശേഖരണത്തിന്റെയും നിരീക്ഷണത്തിന്റെ യും പരിശോധനയുടെയും ഫലമായി,രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന നീക്കങ്ങൾ ഇത്തരം ആപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. ടിക്ടോക്ക്, ഷെയർ ഇറ്റ്, ഹലോ, ക്ലബ് ഫാക്ടറി തുടങ്ങിയ 59 ആപ്പുകൾക്കുമേൽ നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.